കൊല്‍ക്കത്ത: നിങ്ങള്‍ വെറുപ്പിന്റെ രാഷ്ട്രീയം പിന്തുടരുന്നത് മോദിയെ പ്രീതിപ്പെടുത്താനാണെന്നും അത് ഒരിക്കലും ബംഗാളിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ബിജെപി നേതാവ് മുകുള്‍ റോയിയോട് മകൻ സുബ്രാംശു റോയ്. തൃണമൂൽ ടിക്കറ്റിൽ രണ്ട് തവണ എംഎല്‍എ ആയ ആളാണ് സുബ്രാംശു റോയ്. 

മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബംഗാള്‍ പുരോഗതിയുടെ പാതയിലാണ്. അതുകൊണ്ട് ബംഗാളിലെ ജനങ്ങള്‍ നിങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ ആശയത്തെ പിന്തുണയ്ക്കില്ല. വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തൃണമൂലിന് വലിയ പിന്തുണ നല്‍കുമെന്നും സുബ്രാംശു പറഞ്ഞു.

ഒരേ സമയം രണ്ട് മുഖമാണ് ബിജെപിക്കെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുകുള്‍ റോയ് യുവാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാഗ്ദാനം ചെയ്യുമ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്മശാനത്തിന്റെ പേരില്‍ യുവാക്കളെ ഭീഷണിപെടുത്തുകയാണ്. ഇത്തരം രാഷ്ട്രീയ നയങ്ങള്‍ ജനങ്ങള്‍ തള്ളികളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ ജല്‍പാഗുരി ജില്ലയിലെ കന്നി വോട്ടര്‍മാര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന് മുകുള്‍ റോയ് വാഗ്ദാനം നല്‍കിയിരുന്നു. മമത ബാനര്‍ജിയുമായുള്ള അഭിപ്രായ വ്യത്യസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് മുകുള്‍ റോയ് ബിജെപിയിലേക്ക് ചേക്കേറിയത്.