ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ ഓരോ നിമിഷവും ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടത്. രോഗികള്‍ മരിക്കുന്നത് നിസഹായരായി നോക്കി നില്‍ക്കേണ്ടി വരുന്നവരാണ് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍. നെഞ്ച് പൊള്ളിക്കുന്ന ഇത്തരം അനുഭവങ്ങള്‍ പലരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവയ്ക്കുന്നുണ്ട്. ദീപ്ഷിക ഘോഷ് എന്ന ഡോക്ടര്‍ പങ്കുവെച്ച അനുഭവം ട്വിറ്ററില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ഡോക്ടറുടെ അനുഭവക്കുറിപ്പ് ഷെയര്‍ ചെയ്തത്. 

ഷിഫ്റ്റ് അവസാനിക്കുന്നതിന് മുമ്പ് ഒരു രോഗിയുടെ ബന്ധുക്കളെ വീഡിയോകോളില്‍ വിളിച്ചു. അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ആശുപത്രിയില്‍ വെച്ച് അത് ചെയ്തുകൊടുക്കും. ഈ രോഗിയുടെ മകന്‍ ചോദിച്ചത് എന്റെ കുറച്ച് സമയമാണ്. അയാള്‍ക്ക് മരിക്കാന്‍ പോകുന്ന അമ്മയ്ക്ക് വേണ്ടി അവസാനമായി ഒരു പാട്ടുപാടണം. 

അദ്ദേഹം തേരെ മുജ്സെ ഹായ് പെഹ്ലെ കാ.. എന്ന ഗാനം ആലപിച്ചു. ഞാന്‍ ഫോണ്‍ പിടിച്ച് അവിടെ നിന്നു. അയാള്‍ അമ്മയെ നോക്കി പാടുന്നു. ഈ സമയം നഴ്‌സുമാര്‍ വന്ന് നിശബ്ദരായി നിന്നു. ഇടയ്ക്ക് നിയന്ത്രണം വിട്ട് കരഞ്ഞുപോയെങ്കിലും അമ്മയ്ക്ക് വേണ്ടി അയാൾ  ആ പാട്ട് പൂര്‍ത്തിയാക്കി. 

ഞാനും നഴ്‌സുമാരും അവിടെ തന്നെ നിന്നു. ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു.  പിന്നീട് പതുക്കെ നഴ്‌സുമാരെല്ലാം അവരുടെ രോഗികളുടെ അടുത്തേക്ക് പോയി. സംഘമിത്ര ചാറ്റര്‍ജിയും സോഹം ചാറ്റര്‍ജിയും ആണ് ആ അമ്മയും മകനും. എന്റെ അഗാധമായ അനുശോചനം. സോഹം, നിങ്ങളുടെ ശബ്ദം അത് അമ്മയുടെ പാരമ്പര്യം ആണ്.      

ഇതാണ് ദീപ്ഷിക പങ്കുവെച്ച കുറിപ്പ്. 

ഇത്തരത്തില്‍ നെഞ്ചുപൊള്ളിക്കുന്ന ഓരോ നിമിഷങ്ങളിലൂടെയുമാണ് ഈ  രാജ്യം കടന്നുപോകുന്നത്. പ്രിയപ്പെട്ടവരുടെ അന്ത്യ നിമിഷങ്ങളില്‍ നിന്നുപോലും കോവിഡ് നമ്മളെ അകറ്റി നിര്‍ത്തുമ്പോള്‍ അതിന് സാക്ഷിയാകേണ്ടിവരുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്.     

Content Highlight: son's painful goodbye to dying mother on video call