പട്‌ന: ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെതിരേ നിയമസഭയില്‍ പൊട്ടിത്തെറിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തേജസ്വി താൻ സഹോദരനെ പോലെ കാണുന്ന സുഹൃത്തിന്റെ മകനായതിനാലാണ് ഇതുവരെ എല്ലാം സഹിച്ച് മറുപടി നല്‍കാതിരുന്നത്. എന്നാലിപ്പോള്‍ കാര്യങ്ങള്‍ ഏറെ അതിക്രമിച്ചെന്നും നിതീഷ് കുമാര്‍ തുറന്നടിച്ചു. 

തേജസ്വി തനിക്കെതിരേ തുടര്‍ച്ചയായി നടത്തുന്ന വ്യക്തിപരമായ ആരോപണങ്ങളാണ് നിതീഷിനെ ചൊടിപ്പിച്ചത്. ശ്രീജന്‍ അഴിമതി കേസില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെതിരേയും നിതീഷിന് കോടതി ക്ലീന്‍ ചീറ്റ് നല്‍കിയ 1991 കൊലപാതക കേസ് ഉള്‍പ്പെടെയുള്ള സംഭവങ്ങളിലാണ് സഭയില്‍ നിതീഷിനെതിരേ തേജസ്വി വീണ്ടും ആരോപണം ഉന്നയിച്ചത്. 

ആക്ഷേപകരവും അടിസ്ഥാന രഹിതവുമായ തേജസ്വിയുടെ പരാമര്‍ശങ്ങള്‍ സഭ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വിജയ് കുമാര്‍ ചൗധരി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചതിന് പിന്നാലെയാണ് തേജസ്വി വീണ്ടും നിതീഷിനെതിരേയുള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. 

തേജസ്വി കള്ളം പറയുകയാണെന്നും അസംബന്ധമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും നിതീഷ് തിരിച്ചടിച്ചു. തേജസ്വി താൻ സഹോദരനെ പോലെ കാണുന്ന സുഹൃത്തിന്റെ മകനായതിനാലാണ് ഏറെക്കാലമായി തക്കമറുപടി നല്‍കാതെ മൗനമായി ഇരുന്നത്. തന്റെ പിതാവിനെ നിയമസഭാ പാര്‍ട്ടി നേതാവാക്കിയത് താനാണെന്ന് തേജസ്വി മനസിലാക്കണം. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് തേജസ്വി എത്തിയത് പോലും താന്‍ കാരണമാണെന്നും നിതീഷ് പറഞ്ഞു. 

തനിക്കെതിരേയുള്ള അഴിമതി ആരോപണം വിശദീകരിക്കാന്‍ തേജസ്വിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് അദ്ദേഹം മറുപടി നല്‍കിയില്ല. ആ കേസിലെ കോടതി വിധി എല്ലാവര്‍ക്കുമറിയാം. പക്ഷേ തേജസ്വി ഇപ്പോഴും കള്ളം പറയുകയാണ്. ഞാന്‍ എല്ലാം സഹിച്ചു. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ ഏറെ അതിക്രമിച്ചെന്നും നിതീഷ് കുമാര്‍ സഭയില്‍ വ്യക്തമാക്കി.

content highlights: 'Son of brother-like friend': Nitish Kumar to Tejashwi Yadav's sharp attack