കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ ഹൃദയാഘാതവുമുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം.

മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്നും അദ്ദേഹം ചികിത്സയിലായിരുന്നു. 2014-ലും അദ്ദേഹത്തിന് ചെറിയതോതില്‍ മസ്തിഷ്‌കാഘാതം അനുഭവപ്പെട്ടിരുന്നു. 2004-2009-ല്‍ ആദ്യ യു.പി.എ. സര്‍ക്കാരിന്റെ കാലത്താണ് സി.പി.എം. നേതാവായിരുന്ന ചാറ്റര്‍ജി ലോക്‌സഭാ സ്പീക്കറായത്. പിന്നീട് സി.പി.എമ്മുമായി അകലുകയും പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു.

ബംഗാളില്‍നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവായിരുന്ന സോമനാഥ് ചാറ്റര്‍ജി നാലു പതിറ്റാണ്ടോളം പാര്‍ലമെന്റ് അംഗമായിരുന്നു. 2008ല്‍ സിപിഎമ്മില്‍നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, ശാരീരിക അവശതകള്‍ക്കിടയിലും സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളോട് ശക്തമായി പ്രതികരിച്ചിരുന്നു അദ്ദേഹം.

ആസാമിലെ തേജ്പുരില്‍ 1929ല്‍ ആണ് സോമനാഥ് ചാറ്റര്‍ജി ജനിച്ചത്. അഭിഭാഷകനും ബുദ്ധിജീവിയുമായിരുന്ന നിര്‍മല്‍ ചന്ദ്രചാറ്റര്‍ജിയും ബീണാപാണി ദേബിയുമായിരുന്നു മാതാപിതാക്കള്‍. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജ്, കല്‍ക്കത്ത യൂണിവേഴ്സിറ്റി, കേംബ്രജിലെ ജീസസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

1971ല്‍ സിപിഎം പിന്തുണയോടെയുള്ള സ്വതന്ത്ര ലോക്സഭാ എംപിയായി ആണ് അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത്. പത്തു തവണ ലോക്സഭയില്‍ എംപിയായിരുന്നു. 2004-2009-ല്‍ ആദ്യ യു.പി.എ. സര്‍ക്കാരിന്റെ കാലത്താണ് സി.പി.എം. നേതാവായിരുന്ന ചാറ്റര്‍ജി ലോക്‌സഭാ സ്പീക്കറായത്. 2008ല്‍ സിപിഎം യുപിഎ സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ചെങ്കിലും ലോക്സഭാ സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് സോമനാഥ് ചാറ്റര്‍ജിയെ സിപിഎം പുറത്താക്കിയിരുന്നു. പിന്നീട് അദ്ദേഹം പൊതു ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

രേണു ചാറ്റര്‍ജിയാണ് ഭാര്യ. പ്രതാപ് ചാറ്റര്‍ജി, അനുരാധ, അനുഷില എന്നിവര്‍ മക്കളാണ്.

Read: പുറത്താക്കല്‍ വലിയ നടുക്കം- സോമനാഥ് ചാറ്റര്‍ജിയുടെ ഓര്‍മക്കുറിപ്പില്‍നിന്ന്‌

മാതാപിതാക്കള്‍ മരിച്ചതിനു ശേഷമുള്ള ഏറ്റവും ദുഃഖകരമായ ദിവസം-പുറത്താക്കലിനെ കുറിച്ച് സോമനാഥ്