മുംബൈ: അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ രാമജന്‍മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രിയെ ക്ഷണിച്ചതിനു പിന്നാലെ പ്രതികരണവുമായി എന്‍സിപി നേതാവ് ശരദ് പവാര്‍. രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ കോവിഡിനെ തുടച്ചു നീക്കാമെന്നാണ് ചിലരുടെ വിചാരമെന്നാണ് അദ്ദേഹം പറഞ്ഞത്.
"കോവിഡിനെ ഉന്‍മൂലനം ചെയ്യുക എന്നതിനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുന്നത്. പക്ഷെ ചിലര്‍ കരുതുന്നത് രാമ ക്ഷേത്രം നിര്‍മ്മിക്കുന്നത് കോവിഡിനെ ശമിപ്പിക്കുമെന്നാണ്". രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് സോളാപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു പവാര്‍.
ഏതാനും മാസം മുമ്പ് തുടങ്ങേണ്ടിയിരുന്ന രാമക്ഷേത്ര നിര്‍മ്മാണം കോവിഡ് ഭീഷണിയെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ഓഗസ്റ്റ് 3, 5 തീയതികളാണ് ശുഭ മുഹൂര്‍ത്തങ്ങളായി ഇപ്പോള്‍ കണ്ടുവെച്ചിരിക്കുന്നതെന്ന് രാമ ക്ഷേത്ര ട്രസ്റ്റിന്റെ പ്രസിഡന്റ് നൃത്യഗോപാല്‍ ദാസിന്റെ വക്താവ് മഹന്ദ് കമാല്‍ നയന്‍ ദാസ് പറഞ്ഞു.
ഭൂമിപൂജ പ്രധാനമന്ത്രി നിര്‍വ്വഹിക്കണമെന്നാണ് രാജ്യത്തിന്റെ മുഴുവന്‍ അഭിപ്രായം എന്ന് ട്രസ്റ്റ് അംഗങ്ങളും പറഞ്ഞു..
content highlights: Some people think building temple will eradicate Covid, says Sharad pawar