ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ ചില നേതാക്കള്‍ കള്ളം പറയുന്ന യന്ത്രങ്ങളാണെന്നും ഇവര്‍ എകെ 47ല്‍ നിന്ന് വെടിയുതിര്‍ക്കും പോലെയാണ് നുണകളുണ്ടാക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യരൂപവത്കരണം നടത്തുന്നതിനേക്കുറിച്ചായിരുന്നു പ്രതികരണം. തങ്ങളുടെ ഭരണവംശത്തെ നിലനിര്‍ത്തിക്കൊണ്ടുപോകാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച മോദി രാജ്യത്തിന്റെ തലയെഴുത്ത് മാറ്റാനാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു.

ബിജെപി പ്രവര്‍ത്തകര്‍ പ്രതിപക്ഷ സഖ്യത്തെക്കുറിച്ച് വ്യാകുലരാകേണ്ടതില്ല, ജനങ്ങള്‍ അവരെ അംഗീകരിക്കില്ല - മോദി പറഞ്ഞു.  പ്രതിപക്ഷം ജനങ്ങളിലെത്തിക്കുന്നത് കള്ള പ്രചരണങ്ങള്‍ മാത്രമാണ്.

ഓരോ ദിവസവും അവര്‍ നിലപാടുകള്‍ മാറ്റുന്നു. ബിജെപി പ്രവര്‍ത്തകര്‍ വേണം ശരിയായ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍. സത്യം ജനങ്ങളിലേക്ക് എത്തിക്കുമ്പോള്‍ ഓരോ ബിജെപി പ്രവര്‍ത്തകന്റെയും ആത്മവിശ്വാസം പല മടങ്ങ് വര്‍ധിക്കും - മോദി കൂട്ടിച്ചേര്‍ത്തു. 

അതേസമയം പ്രതിപക്ഷ നേതാക്കള്‍ ആരുടേയും പേര് പരാമര്‍ശിക്കാന്‍ മോദി തയ്യാറായില്ല. നേരത്തേ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഓരോ ദിവസവും വ്യത്യസ്ത കണക്കുകളുമായി വരുന്നെന്ന് ബിജെപി നേതാക്കള്‍ പരിഹസിച്ചിരുന്നു.