ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളിലുള്ളവരുടെ പക്കലുള്ള നിരോധിച്ച നോട്ടുകള്‍ മാറാന്‍ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലുള്ളവരുടെ പക്കലുള്ള നോട്ടുകള്‍ മാറ്റിനല്‍കുന്ന കാര്യത്തിലാണ് അന്തിമ തീരുമാനമാകാത്തത്.

നിശ്ചിത തുകയുടെ 500, 1000 രൂപനോട്ടുകള്‍ ഈ രാജ്യങ്ങളിലുണ്ട്. ഇവ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ഗാര്‍ഗ് പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ അറിയിച്ചു.

ഇന്ത്യയുടെ ചില അയല്‍രാജ്യങ്ങള്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എത്ര തുകയുടെ നോട്ടുണ്ടെന്ന് പക്ഷേ കൃത്യമായി കണക്കാക്കിയിട്ടില്ല.

99 ശതമാനം നിരോധിച്ച നോട്ടുകളും ബാങ്കുകളില്‍ ഇതിനോടകം തിരിച്ചെത്തിക്കഴിഞ്ഞു. ഇന്ത്യക്കാരുടെ പക്കല്‍ ശേഷിക്കുന്ന നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനി അവസരം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം കോടതിയെ അറിയിച്ചിട്ടുണ്ട്. അതിനിടയിലാണ് അയല്‍രാജ്യങ്ങളിലുള്ളവരുടെ പക്കലുള്ള നോട്ട് കൂടി മാറ്റിനല്‍കണോ എന്ന ചര്‍ച്ച ഉയരുന്നത്‌