ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കും കര്‍ഷക സമരങ്ങള്‍ക്കുമിടെ പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെ ചരിത്രപരവും അനിവാര്യവുമാണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ലിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. പ്രതിപക്ഷത്തെ വിവാദത്തിന്റെ ശില്‍പികളെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി കർഷകരുടെ മേലുള്ള നിയന്ത്രണം നഷ്ടമാകുമെന്ന ഭയത്താലാണ് പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും പറഞ്ഞു.
ഈ ബില്ലുകള്‍ കര്‍ഷകരെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എവിടെയും സ്വതന്ത്രമായി വ്യാപാരം ചെയ്യാന്‍ പ്രാപ്തരാക്കും. ഇതൊരിക്കലും കര്‍ഷക താത്പര്യത്തിന് എതിരല്ല. ഈ കാലഘട്ടത്തിൽ ഇത് അനിവാര്യമായതിനാലാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ഈ പരിഷ്‌കാരം കൊണ്ടുവന്നത്. കൂടുതല്‍ ലാഭം ലഭിക്കുന്നിടത്ത് കര്‍ഷകര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഇതിലൂടെ കഴിയും. മുമ്പത്തെ പോലെ തന്നെ താങ്ങുവില സംവിധാനം നിലനില്‍ക്കുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിഹാറില്‍ ഒമ്പത് ഹൈവേകളുടെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് വീഡിയോകോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജൂണില്‍ കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ച ശേഷം നിരവധി സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പുതിയ സംവിധാനത്തിന്റെ പ്രതിഫലം നേടികൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
'കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ കര്‍ഷകര്‍ മികച്ച രീതിയിലാണ് വിളവെടുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ അവര്‍ക്ക് 15 മുതല്‍ 25 ശതമാനം വരെ കൂടുതല്‍ വരുമാനം ലഭിച്ചു' മോദി പറഞ്ഞു.
കാര്‍ഷിക മേഖലയിലെ ഈ ചരിത്രപരമായ മാറ്റത്തിന് ശേഷം ചില ആളുകള്‍ക്ക് ഭയത്തിലാണ്. തങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് കാര്യങ്ങള്‍ വഴുതിപോകുമെന്നായപ്പോള്‍ താങ്ങുവിലയുടെ പേരില്‍ അവര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ്.
താങ്ങുവില സംബന്ധിച്ച സ്വാമിനാഥന്‍ ശുപാര്‍ശകളുമായി വര്‍ഷങ്ങളോളം ഇരുന്നവരാണ് ഇത്തരം ആളുകളെന്നും കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു.