ബെംഗളൂരു: രണ്ട് ഗ്രാമീണരേയും 18 കന്നുകാലികളേയും കൊന്നൊടുക്കി ബന്ദിപ്പുരിലെ സംരക്ഷിത വനമേഖലയില്‍ ഭീതി പരത്തിയ പെണ്‍കടുവയെ ഞായറാഴ്ചയാണ് കര്‍ണാടകയിലെ നാഗുവനഹള്ളി ഗ്രാമത്തില്‍ നിന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ കണ്ടെത്തി പിടികൂടിയത്. കടുവയെ കണ്ടെത്താന്‍ അധികൃതര്‍ക്ക് ഒരാഴ്ചയിലധികം സമയം വേണ്ടിവന്നു. ഇതിനായി സോളിഗ ഗോത്രവര്‍ഗക്കാരുടെ സഹായവും വനം വകുപ്പ് തേടിയിരുന്നു. 

ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബാലചന്ദ്രയുടെ നേതൃത്വത്തിലാണ് കടുവയെ പിടികൂടാനുള്ള സംഘം രൂപീകരിച്ചത്. പരിശീലനം നേടിയ നൂറോളം വനംവകുപ്പുദ്യോഗസ്ഥര്‍, ആറ് ആനകള്‍, പ്രത്യേക പരിശീലനം ലഭിച്ച റാണയെന്ന ജര്‍മന്‍ ഷെപ്പേഡ് നായ എന്നിവരടങ്ങിയ സംഘമാണ് 872 ചതുരശ്രകിലോമീറ്റര്‍ ചുറ്റളവിലുള്ള വനമേഖലയില്‍ തിരച്ചില്‍ നടത്തി കടുവയെ കണ്ടെത്തിയത്. 

കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വൈകിയതോടെ ജനങ്ങളുടെ പരിഭ്രാന്തി വര്‍ധിക്കുകയും അധികൃതര്‍ക്ക് നേരെ പ്രതിഷേധിക്കാനാരംഭിക്കുകയും ചെയ്തു. കടുവയെ കൊല്ലണമെന്ന ആവശ്യത്തോടൊപ്പം ജില്ലാ ഡപ്യൂട്ടി കമ്മിഷണര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഗ്രാമവാസികള്‍ ഉയര്‍ത്തിയിരുന്നു. നിശ്ചിത സ്‌പോട്ടുകളില്‍ നിരീക്ഷണക്യാമറകള്‍ കടുവയെ കണ്ടെത്താന്‍ സ്ഥാപിക്കുകയും ചെയ്തു. 

tiger
മയക്കുവെടിവെച്ച് പിടികൂടിയ കടുവയെ കൊണ്ടുപോകുന്നു. ഫോട്ടോ കടപ്പാട്: എന്‍ഡിടിവി

ശനിയാഴ്ച രാവിലെ 4.45 ഓടെ ആദ്യമായി കടുവ നാഗുവനഹള്ളിയ്ക്ക് സമീപത്തെ ക്യാമറയില്‍ പ്രത്യക്ഷപ്പെട്ടു. മൂന്ന് ആനകളും നായയും ഉദ്യോഗസ്ഥരും അടങ്ങിയ സംഘം ഉച്ചയ്ക്ക് രണ്ടരയോടെ പുല്‍പ്പടര്‍പ്പില്‍ ഒളിഞ്ഞിരുന്ന കടുവയെ കണ്ടെത്തി. തുടര്‍ന്ന് മയക്കുവെടി വെച്ച് കടുവയെ കീഴ്‌പ്പെടുത്തിയ ശേഷം പിടികൂടി. സോളിഗ ഗോത്രവര്‍ഗക്കാരുടെ സഹായത്താലാണ് കടുവയെ വളരെ വേഗം പിടികൂടാന്‍ സഹായിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. 

കടുവയുടെ ആക്രമണം ഒരാഴ്ച മുമ്പാണ് തുടങ്ങിയത്. മനുഷ്യരുള്‍പ്പെടെ കടുവയുടെ ഇരയായതോടെ കടുവയെ കണ്ടയുടനെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവിറക്കിയിരുന്നു. എന്നാല്‍ വിവിധ കോണുകളില്‍ നിന്ന് കൊല്ലുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് കടുവയെ പിടികൂടാന്‍ തീരുമാനിച്ചതെന്ന്  ബാലചന്ദ്ര പറഞ്ഞു. പിടികൂടിയ കടുവയെ മൈസൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയി. 

 

Content Highlights: Soliga Tribals, Elephants And A Dog Found An Elusive Karnataka Tiger