ശ്രീനഗര്‍: ജമ്മു കശ്മീരിൽ സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷൻ ടീമിന് (QRT) നേരെ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തിൽ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. ശ്രീനഗറിലെ എച്ച്.എം.ടി. മേഖലയിലാണ് സംഭവം.

തിരക്കേറിയ സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിന് നേരെ മൂന്ന് ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കശ്മീര്‍ ഐ.ജി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു. ഗുരുതരമായ പരിക്കേറ്റ സൈനികരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആയുധധാരികളായ ഭീകരവാദികള്‍ ആക്രമണത്തിനു ശേഷം കാറിലാണ് കടന്നുകളഞ്ഞത്. ഭീകരവാദികളില്‍ ഒരാള്‍ പ്രദേശവാസിയും രണ്ടുപേര്‍ പാകിസ്താനികളുമാകാമെന്നും കശ്മീര്‍ ഐ.ജി. വ്യക്തമാക്കി.

മേഖലയില്‍ ഭീകരസംഘടനയായ ജയ്‌ഷെയ്ക്ക് നിര്‍ണായക സ്വാധീനമാണുള്ളതെന്നും ഇന്നു വൈകുന്നേരത്തോടെ ആക്രമണത്തിന് പിന്നില്‍ ഏത് സംഘടനയാണെന്ന കാര്യം കണ്ടെത്തുമെന്നും കശ്മീര്‍ ഐ.ജി. കൂട്ടിച്ചേര്‍ത്തു.

content highlights: soldiers killed in terror attack at jammu kashmir