ശ്രീനഗര്‍: കശ്മീരില്‍ കഴിഞ്ഞ വര്‍ഷം നടന്ന സൈനികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് സഹപ്രവര്‍ത്തകരെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യുന്നു. കശ്മീരിലെ 44- രാഷ്ട്രീയ റൈഫിള്‍സിലെ ഉദ്യോഗസ്ഥനായിരുന്ന ഔറംഗസേബിനെ തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് സൈനികരെ ചോദ്യം ചെയ്യുന്നത്. ഔറംഗസേബിന്റെ യാത്രാവിവരങ്ങള്‍ സംബന്ധിച്ച് തീവ്രവാദികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ്‌ ചോദ്യംചെയ്യല്‍. 

കശ്മീര്‍ സ്വദേശിയായ ഔറംഗസേബ് പൂഞ്ചിലെ വസതിയിലേക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ പോകുന്നതിനിടെയാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ തലയ്ക്കും കഴുത്തിനും വെടിയേറ്റ നിലയിലാണ് ഔറംഗസേബിന്റെ മൃതദേഹം കണ്ടെത്തിയത്. 

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് സമീര്‍ ടൈഗറിനെ വധിച്ച സൈനിക സംഘത്തില്‍ ഔറംഗസേബും അംഗമായിരുന്നു. ഇതിന്റെ പ്രതികാരമായാണ് തീവ്രവാദസംഘം ഔറംഗസേബിനെ കൊലപ്പെടുത്തിയത്. കശ്മീരിനെ നടുക്കിയ കൊലപാതകത്തിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും കരസേന മേധാവി ബിപിന്‍ റാവതും ഔറംഗസേബിന്റെ വീട്ടിലെത്തിയിരുന്നു. മരണാനന്തര ബഹുമതിയായി ശൗര്യചക്ര നല്‍കി രാജ്യം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.  സംഭവത്തിനുശേഷം ഔറംഗസേബിന്റെ നാട്ടുകാരായ അമ്പതോളം പ്രവാസികള്‍ സൗദിയിലെ ജോലി ഉപേക്ഷിച്ച് സൈന്യത്തില്‍ ചേരാനായി നാട്ടിലെത്തിയതും വാര്‍ത്തയായിരുന്നു. 

Content Highlights: soldier aurangazeb murder; army questioning three soldiers