ശ്രീനഗര്‍:  ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നിന്ന് സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൈന്യം പറയുന്നത്. സൈനികന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.  ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സൈനികനെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. 

ഇയാളെ കണ്ടെത്താനുള്ള തിരച്ചില്‍ നടപടികള്‍ സൈന്യം തുടങ്ങിയിട്ടുണ്ട്. അവധിക്ക് നാട്ടില്‍ പോയ  സൈനികനെ വീട്ടില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റംസാന്‍ പ്രമാണിച്ച് ഭീകരവിരുദ്ധ നടപടികള്‍ സൈന്യം നിര്‍ത്തിവെച്ചിരുന്നു. ഇത് മുതലാക്കി ഭീകരര്‍ കശ്മീരില്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും അക്രമപ്രവര്‍ത്തനങ്ങളുടെ എണ്ണം കൂടിയതായും അധികൃതര്‍ വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം മെയില്‍ സുഹൃത്തിന്റെ  വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയ സൈനികോദ്യോഗസ്ഥനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു. രജ്പുത്താന റൈഫിള്‍സിലെ ഉമ്മര്‍ ഫായിസ് എന്ന സൈനികനെയാണ് ഭീകരര്‍ വധിച്ചത്. തട്ടിക്കൊണ്ടുപോയതിന് അടുത്ത ദിവസം വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടത്തുകയായിരുന്നു.

Content Highlights: Soldier Abducted From Kashmir, Army, Terrorists