സേലം: 'ഇസ'ങ്ങള്‍ മറികടന്ന് സോഷ്യലിസം ഞായറാഴ്ച മമതാ ബാനര്‍ജിക്ക് മിന്നുകെട്ടും. സേലം കൊണ്ടലാംപട്ടി കാട്ടൂരിലെ സോഷ്യലിസത്തിന്റെ വീട്ടില്‍ രാവിലെ ഏഴുമണിക്കാണ് വിവാഹം. വരന്റെയും വധുവിന്റെയും പേരുകളിലെ കൗതുകംകൊണ്ട് ശ്രദ്ധനേടിയിരിക്കുകയാണ് ഈ വിവാഹം.

സി.പി.ഐ. ജില്ലാസെക്രട്ടറി എ. മോഹന്റെ മകനാണ് വരന്‍. തമിഴ്‌നാട്ടിലെ സി.പി.ഐ. മുഖപത്രം 'ജനശക്തി'യില്‍ വന്ന വിവാഹക്ഷണക്കത്തിന്റെ പരസ്യം സാമൂഹികമാധ്യമങ്ങളില്‍ വിപുലമായി പ്രചരിച്ചു.

സേലം നഗരത്തില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള കൊണ്ടലാംപട്ടി ചെങ്കൊടികള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ആര്‍. മുത്തരശ്ശന്റെ സാന്നിധ്യത്തിലാണ് വിവാഹമെന്ന് എ. മോഹന്‍ അറിയിച്ചു.

കമ്യൂണിസം ആഴത്തില്‍ വേരോടിയ കൊണ്ടലാംപട്ടിയില്‍ പുതിയ തലമുറയിലുള്ള പലരുടെയും പേരുകള്‍ കമ്യൂണിസവുമായോ കമ്യൂണിസ്റ്റ് ദേശങ്ങളുമായോ നേതാക്കളുമായോ ബന്ധപ്പെടുത്തിയുള്ളതാണ്.

1990-കളില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ കമ്യൂണിസം തകര്‍ന്നുവെന്ന മട്ടിലുള്ള ചര്‍ച്ചകളില്‍ മനംനൊന്ത മോഹന്‍ മൂത്തമകന് കമ്യൂണിസം എന്നുപേരിട്ടു. രണ്ടാമത്തെ മകന് ലെനിനിസം എന്നും മൂന്നാമന് സോഷ്യലിസം എന്നുമായി പേര്. മൂത്ത രണ്ടുപേരും വിവാഹിതരായി. ഇതില്‍ ലെനിനിസത്തിന്റെ മകന് മാര്‍ക്‌സിസം എന്നാണ് പേരിട്ടിരിക്കുന്നത്.

വധു മമതാ ബാനര്‍ജി ഇവരുടെ ബന്ധുവാണെങ്കിലും കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ്. കോണ്‍ഗ്രസുകാരനായ മുത്തച്ഛനാണ് പാര്‍ട്ടിയിലെ പഴയ തീപ്പൊരിനേതാവിന്റെ പേര് പേരക്കുട്ടിക്ക് നല്‍കിയത്. പത്തൊമ്പതുകാരിയായ മമതാ ബാനര്‍ജി കോളേജ് പഠനം പൂര്‍ത്തിയാക്കി. ഇരുപത്താറുകാരനായ സോഷ്യലിസം സഹോദരന്‍ ലെനിനിസത്തിനൊപ്പം ആഭരണനിര്‍മാണജോലിയിലാണ്. മൂത്ത സഹോദരന്‍ കമ്യൂണിസം സേലം ജില്ലാ കോടതിയില്‍ അഭിഭാഷകന്‍.