ന്യൂഡല്‍ഹി: രാജ്യത്ത് സാമൂഹിക അനൈക്യവും സാമ്പത്തിക മുരടിപ്പും ഒപ്പം പകര്‍ച്ചവ്യാധി പടരുന്നതും കൂടിയാകുമ്പോള്‍ വലിയ ആപത്ത് ആസന്നമായിരിക്കുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇവ മൂന്നും കൂടി ചേരുമ്പോള്‍ ഇന്ത്യയുടെ ആത്മാവിന് മുറിവേല്‍ക്കുക മാത്രമല്ല ആഗോളതലത്തില്‍ സാമ്പത്തിക, ജനാധിപത്യ ശക്തി എന്ന ഇന്ത്യയുടെ പെരുമയ്ക്കും കോട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി കലാപത്തെ മുന്‍നിര്‍ത്തി ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മന്‍മോഹന്‍ സിങ്ങ് ഈ മുന്നറിയിപ്പ് നല്‍കിയത്. യൂണിവേഴ്‌സിറ്റി കാമ്പസ്സുകളും പൊതുസ്ഥലങ്ങളും വീടുകളും സാമുദായിക സംഘര്‍ഷങ്ങളുടെ കേന്ദ്രമായി മാറുന്നു. ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തെയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. ക്രമസമാധാനം പുലര്‍ത്തേണ്ട സ്ഥാപനങ്ങള്‍ പൗരന് സംരക്ഷണം നല്‍കുകയെന്ന അവരുടെ ധര്‍മ്മം മറന്നു. നീതിന്യായ വ്യവസ്ഥയും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും നമ്മെ പരാജയപ്പെടുത്തി. സാമ്പത്തിക തളര്‍ച്ചയുടെ കാലത്ത് സാമൂഹിക അസ്വസ്ഥതകള്‍ പ്രതിസന്ധി രൂക്ഷമാക്കാനെ സഹായിക്കൂ.

നിക്ഷേപകരും വ്യവസായികളും സംരംഭകരും പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ മടിക്കുന്നു. സാമൂഹിക അനൈക്യവും സാമുദായിക സംഘര്‍ഷവും അവരുടെ ഭയം വര്‍ധിപ്പിക്കുകയാണ്. സാമ്പത്തിക ഉന്നമനത്തിന്റെ ഉരകല്ലായ സാമൂഹിക ഐക്യം ഇന്ന് അപകടത്തിലാണ്. 

ഭൂതകാല കലാപങ്ങളെ ഉയര്‍ത്തിക്കാട്ടി രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന കലാപത്തെ ന്യായീകരിക്കുന്നത് ഒരേസമയം നിരര്‍ത്ഥവും ബാലിശവുമാണ്. ഓരോ വര്‍ഗീയ കലാപവും മഹാത്മ ഗാന്ധിയുടെ ഇന്ത്യയ്ക്കു മേലുള്ള കളങ്കമാണ്. 

പുരോഗമന ജനാധിപത്യ സംവിധാനത്തിലൂടെ ലോകത്തിനു മുന്നില്‍ മികച്ച സാമ്പത്തിക വികസനത്തിന്റെ മാതൃകയാവാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ കുറച്ചു വര്‍ഷങ്ങള്‍ക്കകം തന്നെ വൃഥാവിലാകും.  സാമ്പത്തിക അരക്ഷിതാവസ്ഥയുള്ള ഭൂരിപക്ഷവാദ ഭരണകൂടമായി നാം മാറും.

ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ മൂന്ന് നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. കൊറോണ വ്യാപനം തടയുന്നതിന് എല്ലാ പരിശ്രമങ്ങളും അടിയന്തരമായി നടത്തണമെന്നതാണ് ആദ്യത്തേത്. വിഷലിപ്തമായ സാമൂഹികാവസ്ഥയെ ഇല്ലാതാക്കാനും ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കാനും പൗരത്വ നിയമം പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ വേണം.  മൂന്നാമതായി, സാമ്പത്തിക മേഖലയുടെ പുനരുത്ഥാനത്തിനും ഉപഭോക്താവിന്റെ ക്രയശേഷി വര്‍ധിപ്പിക്കാനുമായി വിശാലവും അതിസൂക്ഷ്മവുമായ സാമ്പത്തിക ഉത്തേജന പദ്ധതി തയ്യാറാക്കണം.

കൊറോണ ബാധിച്ച് ലോകത്താകെ 3000 പേര്‍ മരിച്ചു കഴിഞ്ഞു. ഇതിനെ നേരിടാന്‍ ഇന്ത്യ കര്‍മ്മ പദ്ധതി തയ്യാറാക്കണം. ഇതിനായി ഒരു മിഷന്‍ ക്രിട്ടിക്കല്‍ ടീമിനെ പ്രഖ്യാപിക്കണം. ഇക്കാര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ചില നല്ല മാതൃകകള്‍ നമുക്ക് സ്വീകരിക്കാവുന്നതാണ്. മറ്റു ഘടകങ്ങള്‍ സുസ്ഥിരമായിരിക്കെ കോവിഡ് 19 സൃഷ്ടിക്കുന്ന പ്രതിസന്ധി ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെ അര ശതമാനം മുതല്‍ ഒരു ശതമാനം വരെ കുറച്ചേക്കാം. മന്‍മോഹന്‍സിങ്ങ് അഭിപ്രായപ്പെട്ടു. 

1991-ലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തതും കര്‍ക്കശമായ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുകയും ചെയ്തത് മന്‍മോഹന്‍ സിങ് ഓര്‍മ്മിപ്പിച്ചു.

Content Highlights: Singh suggests reforms for the government to mitigate the crisis