ശ്രീനഗര്‍: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച ജമ്മു കശ്മീരിലെത്തുന്നതിന് മുന്നോടിയായി വന്‍ സുരക്ഷാ സന്നാഹം. കശ്മീരില്‍ അമിത് ഷാ മൂന്ന് ദിവസം ക്യാമ്പ് ചെയ്യുന്ന ഗുപ്കാര്‍ റോഡിലെ രാജ്ഭവന് ചുറ്റുമുള്ള 20 കിലോമീറ്റര്‍ പരിധിയില്‍ ഒരോ അനക്കവും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും. 

രഹസ്യാന്വേഷണ ബ്യൂറോ മേധാവി അരവിന്ദ് കുമാര്‍, ബിഎസ്എഫ് മേധാവി പങ്കജ് സിങ്, സിഎര്‍പിഎഫ്, എന്‍എസ്ജി മേധാവികള്‍ ജമ്മുകശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സുരക്ഷ സംബന്ധിച്ച് അമിത് ഷായുമായി ചര്‍ച്ച നടത്തും.

കശ്മീരില്‍ തുടര്‍ച്ചയായുണ്ടാവുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. ഇന്ന് ശ്രീനഗറില്‍ വന്നിറങ്ങുന്ന അമിത് ഷായുടെ ആദ്യ പരിപാടി ശ്രീനഗറില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസ് ഉദ്ഘാടനം ചെയ്യുക എന്നതാണ്. 

ഭീകരര്‍ അടുത്തിടെ കൊലപ്പെടുത്തിയ സാധാരണക്കാരുടെ കുടുംബങ്ങളെയും അമിത് ഷാ സന്ദര്‍ശിക്കും. തുടര്‍ന്ന് സുരക്ഷാ അവലോകനം.

ഞയറാഴ്ച അദ്ദേഹം ജമ്മുവിലേക്ക് പോകും. അവിടെ പൊതുറാലിയില്‍ പങ്കെടുത്ത ശേഷം വീണ്ടും ശ്രീനഗറിലേക്ക് തന്നെ വരും. തിങ്കളാഴ്ച തദ്ദേശ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

അമിത് ഷായുടെ വരവിന് മുന്നോടിയായി സിആര്‍പിഎഫ് മോട്ടോര്‍ ബോട്ടുകോളും ഡ്രോണുകളും ഉപയോഗിച്ച് ശ്രീനഗറില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. സിആര്‍പിഎഫിന്റെ മോട്ടോര്‍ ബോട്ടുകള്‍ ദാല്‍ തടാകത്തിലും നഗരത്തിന്റെ ഉള്‍പ്രദേശങ്ങളിലൂടെ ഒഴുകുന്ന ഝലം നദിയിലും നിരീക്ഷിക്കുമ്പോള്‍ ആളുകളുടെ സംശയാസ്പദമായ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ ശ്രീനഗറിലുടനീളം പറക്കുന്നുണ്ട്.

സാധാരണ നിലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷ അതേപടി നിലനിര്‍ത്തി കൊണ്ടാണ് അധികസുരക്ഷാ വിന്യാസം.

തന്ത്രപ്രധാന മേഖലകളില്‍ സ്‌നൈപ്പര്‍മാരേയും ഷാര്‍പ്പ്ഷൂട്ടര്‍മാരേയും വിന്യസിച്ചിട്ടുണ്ട്. മറഞ്ഞിരുന്ന് ഉന്നംതെറ്റാതെ വെടിവെക്കാന്‍ പ്രത്യേകപരിശീലനം കിട്ടിയവരാണ് സ്‌നൈപ്പേഴ്‌സ്. പരിശോധന കൂടാതെ ഒരു വാഹനവും കടത്തിവിടില്ല. കൂടാതെ കാല്‍നട യാത്രികരേയും പരിശോധിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കശ്മീരിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ താമസിക്കുന്നയിടങ്ങളില്‍ അതീവ സുരക്ഷയും വ്യോമനിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ നിന്ന് സിആര്‍പിഎഫിന്റെ പത്ത് കമ്പനി ജവാന്മാരും ബിഎസ്എഫിന്റെ 15 ടീമുകളുമാണ് ശ്രീനഗറിലെത്തിയിട്ടുള്ളത്.