ന്യൂഡല്‍ഹി: ഏതുസമയവും ആക്രമണം നടത്താനായി ജമ്മുകശ്മീരില്‍ സ്‌നൈപര്‍മാര്‍ സജീവമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രത്യേകസ്ഥലങ്ങളില്‍ ദീര്‍ഘനേരം ഒളിഞ്ഞിരുന്ന് ആക്രമണം നടത്തുന്ന സ്‌നൈപര്‍മാര്‍ കശ്മീര്‍ താഴ്‌വരയിലെ വി.ഐ.പികള്‍ക്ക് ഭീഷണിയാണെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. വിവിധ ആക്രമണങ്ങളിലായി മൂന്ന് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അതിവിദഗ്ദരായ  സ്‌നൈപര്‍മാരുടെ സാന്നിധ്യം സംശയിക്കുന്നത്. 

ശ്രീനഗറില്‍ ശനിയാഴ്ച രാത്രി ഭീകരവാദികളുടെ സ്‌നൈപര്‍ ആക്രമണത്തില്‍ സി.ഐ.എസ്.എഫ്  ഉദ്യോഗസ്ഥന്‍ രാജേന്ദ്രപ്രസാദ് കൊല്ലപ്പെട്ടിരുന്നു. ഒക്ടോബര്‍ 22നും സമാനരീതിയില്‍ ആക്രമണുണ്ടായി. ഈ സംഭവങ്ങളിലെല്ലാം വളരെദൂരെനിന്നാണ് വെടിയേറ്റത്. ഇതോടെയാണ് താഴ്‌വരയില്‍ സ്‌നൈപര്‍മാരുടെ സാന്നിധ്യമുണ്ടെന്ന സംശയം ബലപ്പെട്ടത്. 

രാത്രിയില്‍ വ്യക്തമായ കാഴ്ച ലഭിക്കാനായി നൈറ്റ് വിഷന്‍ ഗ്ലാസ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായാണ് സ്‌നൈപര്‍മാര്‍ തമ്പടിച്ചിരിക്കുന്നത്. കൂരിരുട്ടിലും വ്യക്തമായ കാഴ്ച ലഭിക്കുന്ന ഇത്തരം ഗ്ലാസുകള്‍ സുരക്ഷാഉദ്യോഗസ്ഥരില്‍നിന്ന് മറഞ്ഞിരിക്കാനും സഹായിക്കുന്നു. ഇതിനുപുറമെ അമേരിക്കന്‍ എം6 റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇവരുടെ പക്കലുണ്ട്.  റൈഫിളുകളില്‍ നൈറ്റ് വിഷന്‍ ഗ്ലാസുകള്‍ ഘടിപ്പിച്ച് രാത്രിയില്‍ ആക്രമണം നടത്താനും സാധിക്കും. ഭീകരവാദികള്‍ സ്‌നൈപര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതോടെ താഴ്‌വരയിലെ വി.ഐ.പികള്‍ക്കും അവരുടെ വാഹനങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.