മുംബൈ: മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ പാമ്പിനെ കണ്ടത് കടുത്ത പരിഭ്രാന്തിക്ക് ഇടയാക്കി. വ്യാഴാഴ്ച്ച രാവിലെയാണ് സബര്‍ബന്‍ ലോക്കല്‍ ട്രെയ്‌നിലെ സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ പച്ചിലപ്പാമ്പിനെ കണ്ടത്. പരിഭ്രാന്തരായ യാത്രക്കാര്‍ ട്രെയിന്‍ ചെയിന്‍ വലിച്ചു നിര്‍ത്തി. പിന്നീട് റെയില്‍വേ ജീവനക്കാരെത്തി പാമ്പിനെ നീക്കം ചെയ്തു

രാവിലെ 8.33 നാണ് പച്ച നിറത്തിലുള്ള പാമ്പിനെ കണ്ടത്. ട്രെയിനില്‍ യാത്രക്കാര്‍ പിടിച്ചു നില്‍ക്കുന്ന കമ്പിയിലൂടെ ഇഴഞ്ഞ് നീങ്ങുകയായിരുന്നു പാമ്പ്. അപ്പോള്‍ താനെ സ്‌റ്റേഷനിലായിരുന്നു ട്രെയിന്‍ ഉണ്ടായിരുന്നത്. പാമ്പിനെ കണ്ടതോടെ ട്രെയിനില്‍ നിലവിളികളുയര്‍ന്നു. യാത്രക്കാര്‍ ഭയന്ന് പുറകോട്ട് മാറാന്‍ ശ്രമിച്ചത് തിക്കിനും തിരക്കിനുമിടയാക്കി. ട്രെയിന്‍ നിര്‍ത്തിയതോടെ യാത്രക്കാരില്‍ ചിലര്‍ പുറത്തേക്കിറങ്ങി. അപ്പോഴേക്കും റെയില്‍വേ ഉദ്യോഗസ്ഥരെത്തി പാമ്പിനെ നീക്കം ചെയ്തു.

ട്രെയിന്‍ വീണ്ടും യാത്രയാരംഭിച്ചെങ്കിലും യാത്രക്കാരുടെ പരിഭ്രാന്തി മാറിയില്ല. കൂടുതല്‍ പാമ്പുകള്‍ ട്രെയിനില്‍ ഉണ്ടാവുമോ എന്നതായിരുന്നു ചിലരുടെ സംശയം. യാത്രക്കാരില്‍ ചിലര്‍ പകര്‍ത്തിയ പാമ്പിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഈ ട്രെയിനിന്റെ യാത്ര വൈകിയത് മൂലം നിരവധി സബര്‍ബന്‍ ട്രെയിനുകള്‍ വൈകിയാണ് ഓടിയത്. 

സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ഇത് യാത്രക്കാരില്‍ ആരോ തന്നെ ഒപ്പിച്ച പണിയാണെന്നാണ് റെയില്‍വേ പോലീസിന്റെ സംശയം. കുറ്റക്കാരനെ ഉടന്‍ പിടികൂടുമെന്ന് റെയില്‍വേ വ്യക്തമാക്കി.

content highlights: Snake in Mumbai local train, commuters panic