കൊല്‍ക്കത്ത: വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്തി. കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് സംഭവം. മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ബാഗേജ് ബെല്‍റ്റിനുള്ളിലാണ് പാമ്പിനെ കണ്ടത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് പാമ്പിനെ കണ്ടത്. സംഭവത്തില്‍ പത്രപ്രവര്‍ത്തകനായ തരുണ്‍ ശുക്ല ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. വിമാനത്തിനുള്ളില്‍ പാമ്പ് ചുരുണ്ടുകൂടി ഇരിക്കുന്ന ഫോട്ടോയും അദ്ദേഹം പങ്കിട്ടു. ഈ സംഭവത്തില്‍ പാമ്പിനോ യാത്രക്കാര്‍ക്കോ പരിക്കേറ്റിട്ടില്ല.

ടൈംസ് ഓഫ് ഇന്ത്യ റിപ്പാര്‍ട്ടനുസരിച്ച് റായ്പുരില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് എത്തിയ വിമാനം മുംബൈയിലേക്കുള്ള യാത്രയ്ക്ക് മുന്‍പായുള്ള പരിശോധനയ്ക്കിടെയാണ് ഗ്രൗണ്ട് സ്റ്റാഫ് പാമ്പിനെ കണ്ടത്. ഉടനെ തന്നെ അവര്‍ എയര്‍പോര്‍ട്ട് ജീവനക്കാരെ വിവരം അറിയിക്കുകയും പരിസരം ഒഴിപ്പിക്കുകയും ചെയ്തു. നഗരത്തിലെ വനംവകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. ഉടന്‍ സ്ഥലത്തെത്തിയ വനം വകുപ്പ് പാമ്പിനെ രക്ഷപ്പെടുത്തി കാട്ടിലേക്ക് വിട്ടു.

ബാഗേജ് ബെല്‍റ്റിനുള്ളില്‍ കയറിപ്പറ്റിയത് വിഷമില്ലാത്ത ചേരയാണെന്ന് പിന്നീട് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

 

Content highlights: Snake found on a plane, video goes viral