ചെന്നൈ: ദക്ഷിണേന്ത്യയിലേക്കുള്ള കള്ളക്കടത്തിന്റെ പ്രധാന വഴിയായി മാറുകയാണ് ചെന്നൈ വിമാനത്താവളം. ഏപ്രില്‍ മാസത്തില്‍ മാത്രം അഞ്ച് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പല ദിവസങ്ങളിലായി കസ്റ്റംസ് പിടിച്ചെടുത്തു. കോടികളുടെ മയക്കുമരുന്ന് കടത്തും ഏപ്രിലില്‍ കസ്റ്റംസ് തടഞ്ഞിട്ടുണ്ട്. ഇന്ന് ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരന്‍ 58 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് നികുതിവെട്ടിച്ച് ചെന്നൈയിലേക്ക് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരം പക്ഷേ കള്ളക്കടത്ത് തടഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തു. ടി.വിക്കുള്ളില്‍ വെച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ചെന്നൈ വിമാനത്താവളത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇത് നിത്യ സംഭവമാണ്. ഏപ്രില്‍ മാസത്തില്‍ മാത്രം 12 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്തു. വിപണിയില്‍ അഞ്ച് കോടി രൂപ വിലമതിക്കുന്ന ഈ സ്വര്‍ണത്തില്‍ ഭൂരിപക്ഷവും എത്തിയത് ദുബായില്‍ നിന്നാണ്. ഏപ്രില്‍ 17ന് നടന്ന സ്വര്‍ണവേട്ടയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എയര്‍ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ ആറ് കിലോ സ്വര്‍ണം അന്ന് കസ്റ്റംസ് പിടിച്ചെടുത്തു. ഒരു പ്രതിയെ അന്ന് തന്നെ അറസ്റ്റ് ചെയ്തു. പക്ഷേ, ഈ സംഭവത്തില്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

സ്വര്‍ണം മാത്രമല്ല ലഹരി വസ്തുക്കളും കടത്താനുള്ള ശ്രമം ഏപ്രിലില്‍ കാര്യമായി നടന്നു. 47 കിലോ മയക്കുമരുന്ന് ആഫ്രിക്കയില്‍ നിന്ന് ചെന്നൈയിലേക്ക് കടത്താന്‍ ശ്രമിച്ചതിന് ചെന്നൈയിലെ ഐ.ടി ജീവനക്കാരാണ് അറസ്റ്റിലായത്. ചെന്നൈ വിമാനത്താവളത്തിലെ ഈ സ്വര്‍ണ, മയക്കുമരുന്ന് വേട്ടയ്ക്ക് നേതൃത്വം നല്‍കിയത് മലയാളി കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍. അജിത് കുമാറും അസിസ്റ്റന്റ് സൂപ്ണ്ടുമാരായ വേണുഗോപാലനും മനോജുമാണ്.

Content Highlight: smuggling Chennai International Airport