ന്യൂഡല്‍ഹി: ഒരു കിലോ സ്വര്‍ണം മലാശത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 24കാരന്‍ കസ്റ്റംസിന്റെ പിടിയിലായത്. തിങ്കളാഴ്ചയാണ് സംഭവം.

ദുബായില്‍നിന്നുള്ള വിമാനത്തില്‍ ഡല്‍ഹിയില്‍ ഇറങ്ങിയ ഇയാള്‍ കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് പിടിയിലായത്. ഇയാളുടെ ലഗേജ് പരിശോധിച്ച ശേഷം ദേഹ പരിശോധന നടത്തുന്നതിനിടയിലാണ് വയറ്റില്‍ സ്വര്‍ണമുള്ളതായി കണ്ടെത്തിയത്. ഒമ്പത്  സ്വര്‍ണക്കട്ടികളാണ് ഇയാളുടെ വയറ്റില്‍ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത സ്വര്‍ണക്കട്ടികള്‍ക്ക് 1.04 കിലോ ഗ്രാം തൂക്കംവരും. 32 ലക്ഷം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത സ്വര്‍ണം.

പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതായി എയര്‍പോര്‍ട്ട് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു യുവാവും ഒരു ഫ്രഞ്ച് പൗരനും പിടിയിലായിട്ടുണ്ട്. ഇതില്‍ ഒരാള്‍ ചെന്നൈയില്‍നിന്നും മറ്റൊരാള്‍ സിംഗപ്പൂരില്‍നിന്നുമാണ് ഡല്‍ഹിയിലെത്തിയത്. ഇവരില്‍നിന്ന് ഒരു സ്വര്‍ണക്കട്ടിയും അഞ്ച് സ്വര്‍ണ ബിസ്‌കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയ്ക്ക് 1.5 കിലോ ഗ്രാം തൂക്കംവരും. 

Content Highlights: Smuggler arrested, man hiding gold in rectum, Delhi airport