ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും പരാജയപ്പെട്ടെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശത്തിന് മറുപടിയുമായി സ്മൃതി ഇറാനി. 'രാഹുലെന്ന ജ്ഞാനിയായ സംന്യാസി അറിവിന്റെ മുത്തുകള്‍ മറ്റുള്ളവര്‍ക്ക് മേല്‍ ചൊരിയുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കോവിഡ് കൈകാര്യം ചെയ്തതില്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് സ്വയം പരിശോധിക്കണമെന്ന് സ്മൃതി ഇറാനി പരിഹസിച്ചു. 

'രാഹുല്‍ ഈ കാര്യങ്ങള്‍ പരിശോധിക്കണം, എവിടെയാണ് കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചത്. അത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തായിരുന്നു. എവിടെയാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരും മരണവും നടന്നത്. അതും കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.' സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.

രാജ്യം ലോകത്തിന് തന്നെ മാതൃകയായി വാക്സിനേഷനില്‍ മുന്നേറുമ്പോള്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങൾ വാക്സിനേഷനില്‍ പുറകോട്ട് പോകുന്നതെന്തു കൊണ്ടെന്നതിനും രാഹുല്‍ ഉത്തരം പറയണമെന്നും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. 

കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ധവളപത്രം ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി പുറത്തിറക്കിയിരുന്നു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടും സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുള്ള വിവരങ്ങളാണ് ധവളപത്രത്തിലുള്ളത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും രാഹുല്‍ ആരോപിച്ചു.