അമേഠി: നിയോജകമണ്ഡലമായ അമേഠിയിലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത കോണ്‍ഗ്രസിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി സ്മൃതി ഇറാനി. സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്ററുകള്‍ തിങ്കളാഴ്ച അമേഠിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോണ്‍ഗ്രസ് എംഎല്‍സി ദീപക് സിങ് മന്ത്രിയുടെ അസാന്നിധ്യത്തെ ട്വിറ്ററിലൂടെ ചോദ്യം ചെയ്യുകയുമുണ്ടായി.

ഇതോടയാണ് ട്വിറ്ററിലൂടെ പ്രതികരണവുമായി സ്മൃതി ഇറാനി രംഗത്തെത്തിയത്. 'കൊറോണ അമേഠിയെ ബാധിച്ചപ്പോള്‍, നിങ്ങളുടെ കോണ്‍ഗ്രസ് നേതാക്കള്‍ നിയമങ്ങള്‍ തെറ്റിച്ചു. ഞാനും ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് പ്രോത്സാഹിപ്പിക്കണമന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ക്ക് ട്വിറ്റര്‍ ട്വിറ്റര്‍ കളിക്കുന്നതിന് വേണ്ടി? അമേഠി ചിലപ്പോള്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഇടമായിരിക്കില്ല. പക്ഷേ എനിക്ക് പ്രിയപ്പെട്ട ഒരിടമാണ്, ചിലര്‍ ജനങ്ങളുടെ ജീവന്‍ വെച്ചാണ് കളിക്കുന്നത്.' സ്മൃതി ട്വീറ്റ് ചെയ്തു. 

മറ്റൊരു ട്വീറ്റില്‍ അമേഠിയിലേക്ക് തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികളുടെ കണക്കും മന്ത്രി പുറത്തുവിട്ടു. 22,150 കുടിയേറ്റ തൊഴിലാളികള്‍ ബസിലും 8322 പേര്‍ ട്രെയിനിലും തിരിച്ചെത്തിയിട്ടുണ്ടെന്ന് അറിയച്ച മന്ത്രി തിരിച്ചെത്തിയ ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും വിവരങ്ങള്‍ നല്‍കാന്‍ തനിക്ക് സാധിക്കുമെന്നും അവകാശപ്പെട്ടു. തനിക്കതിന് സാധിക്കുന്നതുപോലെ റായ്ബറേലിയില്‍ തിരിച്ചെത്തിയവരുടെ വിശദാംശങ്ങള്‍ സോണിയ ഗാന്ധിക്ക് നല്‍കാന്‍ സാധിക്കുമോയെന്ന മറുചോദ്യവും അവര്‍ ഉന്നയിച്ചു. 

'നിങ്ങള്‍ പോസ്റ്ററുകള്‍ പതിപ്പിക്കുകയാണെങ്കില്‍ കുറഞ്ഞ പക്ഷം നിങ്ങളുടെ പേരു കൂടി നല്‍കണം. എന്തു കൊണ്ടാണ് ഇത്ര ലജ്ജിക്കുന്നത്? ഒരു പ്രാദേശിക നേതാവിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുത്ത സംഭവത്തെ ലജ്ജാകരമായി പരാമര്‍ശിച്ചവരോട് ജനങ്ങള്‍ പൊറുക്കില്ല എന്നറിവുള്ളതുകൊണ്ടാണോ അത്? 

ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജന പദ്ധതിയുടെ ഗുണഫലങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുമുണ്ട്. എന്നാല്‍ സോണിയാഗാന്ധി സ്വന്തം നിയോജമണ്ഡലത്തില്‍ എത്രതവണ അത്തരമൊരു ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് അറിയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 'എട്ടു മാസത്തില്‍ പത്തു തവണ അമേഠിയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 14 ദിവസം ഞാന്‍ അമേഠിയില്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ എത്ര തവണ സോണിയ ഗാന്ധി തന്റെ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്?' സ്മൃതി ഇറാനി ചോദിക്കുന്നു. 

സ്മൃതി ഇറാനിയെ കാണ്‍മാനില്ലെന്ന പോസ്റ്ററുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പോസ്റ്റര്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ ഫോട്ടോ പതിച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോസ്റ്ററില്‍ 2019-ല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം രണ്ടു തവണ ഏതാനും മണിക്കൂറികള്‍ മാത്രമാണ് സ്മൃതി ഇറാനി അമേഠിയില്‍ സന്ദര്‍ശനം നടത്തിയതെന്ന് പരാമര്‍ശമിക്കുന്നുണ്ട്. അമേഠി സ്മൃതി ഇറാനിയെ സംബന്ധിച്ചിടത്തോളം ഒരു വിനോദസഞ്ചാരത്തിനുള്ള ഇടമാണെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. 

Content Highlights: Smriti Irani's Missing Poster appeared in Amethi and now she details her visits and asks Sonia Gandhi to disclose her visits at her constituency