നവ്സരി (ഗുജറാത്ത്): കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി വീണ്ടും രംഗത്തെത്തി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടാമെന്ന് സ്വപ്നം കാണുന്നത് രാഹുല്‍ അവസാനിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. രാഹുലിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഗുജറാത്തിലെ ജനങ്ങളും ബി.ജെ.പിയും അനുവദിക്കില്ല.
ഗുജറാത്തിന്റെ വികസനത്തെപ്പറ്റി രാഹുല്‍ സംസാരിക്കുന്നതിനെതിരെയും സ്മൃതി രൂക്ഷ വിമര്‍ശം ഉന്നയിച്ചു. സ്വന്തം മണ്ഡലത്തില്‍ ആരോഗ്യ - വിദ്യാഭ്യാസ സൗകര്യങ്ങള്‍ എത്തിക്കാനും റോഡുകള്‍ നിര്‍മ്മിക്കാനും കഴിയാത്ത രാഹുല്‍ഗാന്ധിയാണ് ഗുജറാത്തിന്റെ വികസനത്തെപ്പറ്റി സംസാരിക്കുന്നത്.
ജി.എസ്.ടി നടപ്പാക്കിയതുമുതല്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ക്കുകയാണ്. എന്നാല്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗങ്ങളില്‍ കോണ്‍ഗ്രസും ഉള്‍പ്പെട്ടിരുന്നു. എല്ലാ തീരുമാനങ്ങളും അഭിപ്രായ ഐക്യമുണ്ടാക്കിയ ശേഷമാണ് കൈക്കൊണ്ടത്. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതിനാലാണ് കോണ്‍ഗ്രസ് ഭരണകാലത്ത് ജി.എസ്.ടി നടപ്പിലാക്കാന്‍ കഴിയാതിരുന്നതെന്നും സ്മൃതി ഇറാനി ആരോപിച്ചു.
ജി.എസ്.ടിയെ ഗബ്ബര്‍സിങ് ടാക്സെന്ന് രാഹുല്‍ഗാന്ധി നേരത്തെ വിശേഷിപ്പിച്ചിരുന്നു. 2019 ലെ തിരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജി.എസ്.ടിയില്‍ ഘടനാപരമായ മാറ്റം കൊണ്ടുവരുമെന്ന് ഗുജറാത്തിലെ സൂറത്തില്‍ വ്യാപാരികളെ അഭിസംബോധന ചെയ്യവെ രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിട്ടുള്ളത്.
Smriti Irani Rahul Gandhi Gujarat GST