ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സ്മൃതി ഇറാനിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസിന്റെ രൂക്ഷവിമര്‍ശനം. ഇന്ത്യന്‍ സിനിമയിലെ ക്ഷുഭിത നായകനായ അമിതാബ് ബച്ചനെ അനുകരിക്കാനാണ് സ്മൃതി ഇറാനി ശ്രമിക്കുന്നതെന്നും എന്നാല്‍ നായകന് പകരം വില്ലന്റെ അവസ്ഥയാണ് അവസാനം സ്മൃതിക്കുണ്ടാകാന്‍ പോകുന്നതെന്നും, അമേഠിയില്‍ സ്മൃതി തിരഞ്ഞെടുപ്പില്‍ വീണ്ടും പരാജയപ്പെടുമെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. 

തിരഞ്ഞെടുപ്പില്‍ നേരിടാന്‍ പോകുന്ന പരാജയത്തെ കുറിച്ചുള്ള ഭീതിയാണ് സ്മൃതി ഇറാനിയെ ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. അമേഠിയിലെ ജനങ്ങളുടെ അനുഗ്രഹത്തോടെ സ്മൃതിയെ പരാജയപ്പെടുത്തുമെന്നാണ് വിശ്വാസമെന്നും തിരഞ്ഞെടുപ്പിലെ എതിരാളിയെന്ന നിലയില്‍ സ്മൃതിയോട് ബഹുമാനമാണുള്ളതെന്നും സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു. 

ഇത്തവണ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും പ്രധാനമന്ത്രി നരേന്ദ്രമോദി സ്മൃതിയ്ക്ക് രാജ്യസഭയില്‍ അവസരം നല്‍കുമെന്നും അതു കൊണ്ട് അവര്‍ക്ക് വിഷമിക്കേണ്ട അവസരം ഉണ്ടാവില്ലെന്നും സുര്‍ജെവാല പറഞ്ഞു. തന്റെ മൂന്നാമത്തെ തിരഞ്ഞെടുപ്പ് പരാജയത്തിനായുള്ള തയ്യാറെടുപ്പിലാണ് സ്മൃതി ഇറാനിയെന്നും സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം അമേഠി സന്ദര്‍ശിക്കാനെത്തിയ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതിനെതിരെ പ്രതികരിച്ചിരുന്നു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനൊരുങ്ങിയത് തിരഞ്ഞെടുപ്പില്‍ പിന്തുണച്ച ജനങ്ങളെ അവഗണിച്ചു കൊണ്ടാണെന്നും അമേഠിയിലെ ജനങ്ങള്‍ക്ക് അത്‌ അപമാനകരമാണെന്നും സ്മൃതി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് പ്രതികരണവുമായി രംഗത്തെത്തിയത്. 

 

Content highlights: Smriti Irani, Trying To Copy Amitabh Bachchan, Congress, Rahul Gandhi, LokSabha Election