ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച പൊതുബജറ്റ് പൊള്ളയാണെന്ന് വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി  ഇറാനി. പൊള്ളയാണെന്ന് വിമര്‍ശിക്കാന്‍ അദ്ദേഹത്തിന് ബജറ്റ് എന്താണെന്ന് മനസ്സിലായോ എന്ന് സ്മൃതി ഇറാനി പരിഹസിച്ചു. എന്‍ഡിടിവിയോടായിരുന്നു സ്മൃതിയുടെ പ്രതികരണം. 

"പാര്‍ലമെന്റില്‍ രാഹുലിന്റെ മുന്നിലാണ് ഞാന്‍ ഇരുന്നത്. ബജറ്റ് അവതരണത്തിനിടെ രാഹുല്‍ കണ്ണടച്ചിരിക്കുകയായിരുന്നു. നികുതി പരിഷ്‌കരണത്തെക്കുറിച്ച് ധനമന്ത്രി സംസാരിക്കുമ്പോള്‍ രാഹുല്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോയി. 

ബജറ്റ് അവതരണത്തിനിടെ നിര്‍മലജീക്ക് ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടപ്പോള്‍ രാഹുല്‍ ചിരിക്കുകയായിരുന്നു. ഒരു സ്ത്രീക്ക് വയ്യാതാവുമ്പോള്‍ നിങ്ങള്‍ ഇങ്ങനെ ചിരിക്കുമോ?"-  സ്മൃതി ഇറാനി ചോദിച്ചു. 

രാജ്യത്തിന്റെ യാഥാര്‍ഥ പ്രശ്‌നങ്ങളെ നേരിടാനുള്ള പ്രഖ്യാപനങ്ങളൊന്നും ഇല്ലെന്നായിരുന്നു ബജറ്റിനു ശേഷം രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണമാണ് ധനമന്ത്രി ഇന്നലെ നടത്തിയത്. എന്നാല്‍ അതില്‍ കാര്യമായി ഒന്നുമുണ്ടായില്ല. തൊഴിലില്ലായ്മ അടക്കമുള്ള പ്രധാനപ്രശ്‌നങ്ങളെ നേരിടാനുള്ള എന്താണ് ബജറ്റിലുള്ളത്, ബജറ്റ് വെറും പൊള്ളയാണെന്ന് രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇതിനെ പരിഹസിച്ചാണ് സ്മൃതി ഇറാനി രംഗത്തുവന്നത്. 

Content Highlights: Smriti Irani Jabs Rahul Gandhi Over Budget