ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്കുവേണ്ടി പ്രചാരണം നടത്തിയ ബി ജെ പി പ്രവര്‍ത്തകന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് ബി ജെ പി നേതാവ് സ്മൃതി ഇറാനി. ഞായറാഴ്ച രാവിലെ വെടിയേറ്റ് കൊല്ലപ്പെട്ട സുരേന്ദ്ര സിങ്ങിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാണ് സ്മൃതി എത്തിയത്. തുടര്‍ന്ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ സ്മൃതി പങ്കെടുക്കുകയും ചെയ്തു. അമേഠിയില്‍ സ്മൃതിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുരേന്ദ്ര സിങ് സജീവമായി പങ്കെടുത്തിരുന്നു

ബാരാവുലിയ മുന്‍ഗ്രാമമുഖ്യന്‍ കൂടിയായിരുന്ന സുരേന്ദ്ര സിങ്ങിനു നേര്‍ക്ക് വീട്ടിലെത്തിയ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ ലഖ്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു സുരേന്ദ്ര സിങ് ഗ്രാമത്തലവന്റെ സ്ഥാനം രാജിവെച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവപങ്കാളിയായിരുന്ന സുരേന്ദ്ര സിങ്ങിനെ സ്മൃതി പ്രസംഗങ്ങളില്‍ അഭിനന്ദിച്ചിരുന്നു. 

പൂര്‍വ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുരേന്ദ്ര സിങ്ങിനോട് ആര്‍ക്കെങ്കിലും രാഷ്ട്രീയവൈരാഗ്യമുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 55000 വോട്ടുകള്‍ക്കാണ് ഇത്തവണ സ്മൃതി പരാജയപ്പെടുത്തിയത്. 

content highlights: smriti irani attends funeral of bjp worker who shot dead in amethi