തിരൂര്‍: ട്രെയിനിനുള്ളില്‍ പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ആരും കാണുന്നില്ല എന്ന് കരുതി രക്ഷപെട്ടു എന്ന് കരുതണ്ട. ആധുനിക രീതിയിലുള്ള പുത്തന്‍ ട്രെയിന്‍ കോച്ചുകളിലാണ് നിങ്ങള്‍ യാത്ര ചെയ്യുന്നതെങ്കില്‍ പുകവലിച്ചാല്‍ ഇനി നാട്ടുകാര്‍ മൊത്തം അറിയും. നടപടികള്‍ നേരിടേണ്ടിയും വരും.

എച്ച്.എല്‍.ബി റേക്കുകകളുള്ള എ.സി.കോച്ചിനുള്ളില്‍ കഴിഞ്ഞ ദിവസം യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് നേത്രാവതി എക്‌സ്പ്രസ് തിരൂരില്‍ നിന്നു. തീയോ പുകയോ ഉയര്‍ന്നത് കൊണ്ടാണ് ട്രെയിന്‍ പെട്ടെന്ന് നിന്നതെന്ന് മനസ്സിലായി. വിശദമായ പരിശോധന അധികൃതര്‍ നടത്തിയെങ്കിലും എവിടേയും തീയും പുകയും കണ്ടെത്തനായില്ല. 

തീയും പുകയും കണ്ടെത്തുന്ന ഡിറ്റക്ടറിന് സമീപത്ത് നിന്ന് ആരോ പുകച്ചതാണെന്ന് പിന്നീട് മനസ്സിലായി. പുകയും തീയും തിരിച്ചറിയുന്ന സംവിധാനം നിലവില്‍ എല്‍.എച്ച്.ബി. റേക്കുകളുള്ള എല്ലാ എ.സി.കോച്ചുകളിലും ഘടിപ്പിച്ചിട്ടുണ്ട് റെയില്‍വേ. ഈ സംവിധാനം പുകവലിക്കുന്നവര്‍ക്കും ഹാനികരമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

റെയില്‍വേ സ്റ്റേഷനുകളിലും ഇത്തരത്തിലുള്ള സംവിധാനം ഏര്‍പ്പാടാക്കി വരുന്നുണ്ട്. പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഇതിനോടകം ഡിറ്റക്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.