ന്യൂഡല്‍ഹി: ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും 70 കാരിയായ ഗുര്‍ദേവ് കൗര്‍ എന്ന വനിതാ കര്‍ഷകയ്ക്ക് വീട്ടില്‍ നിന്ന് വിളിവരും. വീട്ടില്‍ നിന്ന് ആരോഗ്യസ്ഥിതി അന്വേഷിച്ചാണ് വിളിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതാ കര്‍ഷകരില്‍ ഒരാളാണ് ഗുര്‍ദേവ്കൗര്‍. പഞ്ചാബില്‍ നിന്നും ഹരിയാണയില്‍ നിന്നും എത്തിയ മറ്റു ആയിരകണക്കിന് കര്‍ഷകര്‍ക്കൊപ്പം ഡല്‍ഹി സിംഘു അതിര്‍ത്തിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തമ്പടിച്ചിട്ടുണ്ട് ഗുര്‍ദേവ് കൗര്‍.
അവരെ പോലെ നൂറുകണക്കിന് വനിതാ കര്‍ഷകര്‍ കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ അണിനിരന്നിട്ടുണ്ട്.
കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന പുതിയ നിയമം കേന്ദ്രം കൊണ്ടുവന്നതിന് പിന്നാലെ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താനുള്ള തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ രണ്ടു തവണ തനിക്ക് ചിന്തിക്കേണ്ടി വന്നില്ലെന്ന് ഗുര്‍ദേവ് കൗര്‍ പറയുന്നു. 'കഴിഞ്ഞ രണ്ടു മാസങ്ങളായി പഞ്ചാബില്‍ തങ്ങള്‍ മാര്‍ച്ചിന്റെ കര്‍മപദ്ധതികള്‍ക്കായി എല്ലാ ദിവസവും കൂടിച്ചേരുമായിരുന്നു. അവസാന ശ്വാസം വരെ പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ തങ്ങള്‍ തയ്യാറാണ്' അവര്‍ പറഞ്ഞു.
മറ്റൊരു വനിതാ കര്‍ഷക പ്രക്ഷോഭക 65-കാരിയായ അമര്‍ജീത് കൗര്‍ പറയുന്നു. 'കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഞങ്ങള്‍ ട്രാക്ടര്‍ ട്രോളികളിലാണ് അന്തിയുറങ്ങുന്നത്. ഞങ്ങളില്‍ ചിലര്‍ കട്ടിലുകള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ എല്ലാവരും ഒറ്റക്കെട്ടായിരിക്കണം എന്നുള്ളതുകൊണ്ട് അതൊന്നും ഞങ്ങള്‍ ഉപയോഗിച്ചിട്ടില്ല. കുളിക്കാനും മറ്റു കാര്യങ്ങള്‍ക്കുമായി സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന മിക്ക സ്ത്രീകളുടെ അവരുടെ കുടുംബത്തിന്റെ പ്രതിനിധികളാണ്'.
സല്‍വാര്‍ കമീസും ഷാളും ധരിച്ചുള്ള ഈ സ്ത്രീകള്‍ പകല്‍ സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു. ഇരുട്ടായി തുടങ്ങുമ്പോള്‍, അന്നത്തെ ഭക്ഷണം തയ്യാറാക്കാന്‍ അവരുടെ ട്രാക്ടറുകളിലേക്ക് മടങ്ങും. പ്രധാന പ്രതിഷേധ സ്ഥലത്ത് നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് തങ്ങളുടെ ട്രാക്ടര്‍ എന്ന് 50 കാരിയായ ചരഞ്ജിത് കൗര്‍ പറഞ്ഞു. 'ഉച്ചകഴിഞ്ഞ്, ഞങ്ങളുടെ നേതാക്കള്‍ പ്രസംഗങ്ങള്‍ നടത്തുകയും നിലവിലെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു. വൈകുന്നേരത്തോടെ, ഞങ്ങള്‍ ഞങ്ങളുടെ ട്രാക്ടര്‍ ട്രോളികളിലേക്ക് മടങ്ങുന്നു, അത് ഇപ്പോള്‍ ഞങ്ങളുടെ വീടാണ്'അവര്‍ പറഞ്ഞു.
വനിതാ കര്‍ഷകര്‍ക്കൊപ്പം ചെറുപ്പക്കാരായ മറ്റു പുരുഷ കര്‍ഷകരും ഭക്ഷണം തയ്യാറാക്കാനായി ഇവരെ സഹായിക്കാനായി എത്തും. തുടര്‍ന്ന് പ്രക്ഷോഭകര്‍ക്ക് വിതരണം ചെയ്യും. ചപ്പാത്തിയും വിവിധയിനം പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയ കറിയുമാണ് പ്രധാന ഭക്ഷണം. 'ഇഷ്ടം പോലെ ഭക്ഷണം തങ്ങളുടെ പക്കലുണ്ട്. 5-6 മാസത്തേക്കുള്ള ഭക്ഷണവസ്തുക്കളുമായിട്ടാണ് ഞങ്ങള്‍ വന്നിട്ടുള്ളത്. ഡല്‍ഹിയിലേക്ക് തങ്ങള്‍ പുറപ്പെടാന്‍ തീരുമാനിച്ചപ്പോള്‍ ഓരോരുത്തരും ഓരോ വസ്തുക്കള്‍ സംഭാവന ചെയ്തു. ചിലര്‍ എണ്ണ കൊണ്ടുവന്നു. മറ്റുചിലര്‍ മസാലകളും മറ്റു പലവ്യഞ്ജനങ്ങളും കൊണ്ടുവന്നു. റേഷന്‍ തീര്‍ന്നാല്‍ വീണ്ടും ഞങ്ങള്‍ കൊണ്ടുവരും. ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിയാല്‍ മാത്രമേ ഇവിടെ നിന്ന് തിരിച്ചുപോകുകയുള്ളൂ' 62-കാരിയായ ബാല്‍ദേവ് കൗര്‍ പറഞ്ഞു.
ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് വെള്ളിയാഴ്ചയോടെ എത്തിചേര്‍ന്നിട്ടുള്ളത്. ഡല്‍ഹിയിലേക്ക് കടക്കാന്‍ ഇവര്‍ അനുമതി ലഭിച്ചിട്ടില്ല. ബാരിക്കേഡുകള്‍ മറികടന്ന് പലയിടത്തും കര്‍ഷകര്‍ മുന്നോട്ട് നീങ്ങിയതോടെ പോലീസുമായി ഏറ്റുമുട്ടലുണ്ടായി. സര്‍ക്കാരും പോലീസും അനുവദിച്ച സ്ഥലത്ത് സമരം നടത്തണമെന്ന ആവശ്യം കര്‍ഷകര്‍ ഇതിനോടകം തള്ളിയിട്ടുണ്ട്. രാംലീല മൈതാനം സമരകേന്ദ്രമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Content Highlights: Sleeping in tractors, bathing by the roadside, women farmers-farmers protest