ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തില്‍ വിഘടന വാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടാകാം എന്ന പരാമര്‍ശം നടത്തിയ പഞ്ചാബ് കിസാന്‍ യൂണിയന്‍ അധ്യക്ഷനെ സംയുക്ത കിസാന്‍ മോര്‍ച്ച സസ്‌പെന്‍ഡ് ചെയ്തു. പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ ജൂലായ് 21 ന് അഭിസംബോധന ചെയ്യവെ പഞ്ചാബ് കിസാന്‍ യൂണിയന്‍ പ്രസിഡന്റ് റുല്‍ദു സിങ് മന്‍സ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് നടപടി.

ഖാലിസ്ഥാനി സംഘടനകള്‍ പ്രക്ഷോഭത്തില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജര്‍ണൈല്‍ സിങ് ബിന്ദ്രന്‍വാലയുടെ അനുയായികളും സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവും വിദേശ രാജ്യങ്ങളില്‍ ഇരുന്ന് സിഖ് യുവാക്കളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്‍സയെ സസ്‌പെന്‍ഡു ചെയ്തതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടു ചെയ്തു.

അതിനിടെ, മൊറാദാബാദ്, ഹാപുര്‍, അംറോഹ എന്നിവിടങ്ങളില്‍ നിന്നുളള കര്‍ഷകര്‍ ഡല്‍ഹിയിലെ പ്രക്ഷോഭ വേദിയില്‍ എത്തുമെന്നും ഓഗസ്റ്റ് 15 ന് അവര്‍ രാജ്യതലസ്ഥാനത്ത് ട്രാക്ടര്‍ പരേഡ് നടത്തുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ട്രാക്ടറുകളുമായി അവര്‍ ഓഗസ്റ്റ് 14 ന് എത്തും. സ്വാതന്ത്ര്യ ദിനത്തില്‍ അവര്‍ ജന്തര്‍ മന്തറിലെ പ്രക്ഷോഭ വേദിയില്‍ ദേശീയ പതാക ഉയര്‍ത്തും. അതിനുശേഷമാകും ട്രാക്ടര്‍ പരേഡെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരാഖണ്ഡ്, യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലെത്തി കര്‍ഷകരുമായി ആശയവിനിമയം നടത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് യുപിയിലെ മുസഫര്‍നഗറില്‍ മഹാപഞ്ചായത്ത് നടത്തുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. നേരത്തെ ജനുവരി 26 ന് കര്‍ഷകര്‍ രാജ്യതലസ്ഥാനത്ത് നടത്തിയ ട്രാക്ടര്‍ റാലി പ്രക്ഷോഭകരും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിതെളിച്ചിരുന്നു.

Content Highlights: SKU suspends kisan leader who talked about khalistani elements trying to infiltrate protest