ഹൈദരാബാദ്: ഇന്ധനം നിറയ്ക്കുന്നതിനിടെ കാര്‍ കത്തിയമര്‍ന്നു. ഹൈദരാബാദിലെ ഒരു പെട്രോള്‍ പമ്പിലാണ് സംഭവം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഇന്ധനം നിറയ്ക്കുന്ന മെഷീനിനോട് ചേര്‍ത്താണ്‌ കാര്‍ നിര്‍ത്തിയിരുന്നത്. ഇന്ധനം നിറയ്ക്കുന്നതിനിടെ കറുത്ത പുക ഉയര്‍ന്നു. തൊട്ടുപിന്നാലെ തീപടരുകയും കാര്‍ കത്തി ചാമ്പലാകുകയുമായിരുന്നു.

കാര്‍ ഇന്ധനം നിറയ്ക്കാനായി നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ ബാത്ത്റൂമില്‍ പോയ സമയത്താണ് തീ പിടിത്തമുണ്ടായത്. സ്‌കോഡ റാപ്പിഡ് കാറാണ് കത്തിയമര്‍ന്നത്.

തീപടരുന്നത് കണ്ട്‌ ഡ്രൈവറും പമ്പ് ഉടമയും പ്രദേശത്ത് നിന്ന് ഓടി. പമ്പ് മാനേജര്‍ പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചു. ഇതോടെ അഞ്ച് ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ പത്ത് മിനിട്ടിനുള്ളില്‍ സംഭവ സ്ഥലത്തെത്തി തീ അണച്ചു. തീ ഗ്യാസ് സ്റ്റേഷനിലേക്ക് പടരാന്‍തുടങ്ങിയിരുന്നെങ്കിലും ഫയര്‍ഫോഴ്സിന്റെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. 

അഗ്‌നിഗോളമായി മാറിയ സ്‌കോഡയില്‍ നിന്ന് തീ പെട്രോള്‍ മിഷീനിലേക്ക് പടരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചതും ദൃശ്യങ്ങളില്‍ കാണാം. 

സംഭവത്തെത്തുടര്‍ന്ന് പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചു. നാശനഷ്ടങ്ങള്‍ എത്രയെന്ന് കണക്കാക്കാന്‍ മാനേജ്മെന്റിന് ഇനിയും സാധിച്ചിട്ടില്ല. 

Content Highlight: Skoda Superb Bursts Into Flames At Petrol Pump