പുണെ: 200 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ വീണ ആറു വയസുകാരനെ  16 മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെടുത്തി. പോലീസിന്റേയും ദുരന്തനിവാരണ സേനയുടേയും സംയുക്ത ശ്രമങ്ങള്‍ക്കൊടുവിലാണ് വ്യാഴാഴ്ച കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. 

ravi
Image Courtesy:MumbaiMirror

ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണ് പുണെയിലെ അംബെഗാവില്‍ രവി പണ്ഡിറ്റ് ഭില്‍ എന്ന ആറുവയസുകാരന്‍ തുറന്നു കിടന്ന കുഴല്‍ക്കിണറിനുള്ളിലേക്ക് വീണത്. റോഡ് നിര്‍മാണത്തൊഴിലാളിയായ പിതാവിനൊപ്പമെത്തിയ കുട്ടി മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് കുഴല്‍ കിണറിനുള്ളില്‍ അകപ്പെട്ടത്.  

കുഴല്‍ക്കിണറിനുള്ളില്‍ പത്തടി താഴ്ചയില്‍ തങ്ങി നില്‍ക്കുകയായിരുന്ന കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാനുള്ള ശ്രമം ഉടന്‍ തന്നെ ആരംഭിച്ചു. പോലീസ് -ദുരന്തനിവാരണ സേനകള്‍ നാട്ടുകാരുടെ സഹായത്തോടെ കിണറിനു ചുറ്റും മറ്റൊരു കുഴി നിര്‍മിച്ച് കുട്ടിയുടെ സമീപത്തെത്തുകയായിരുന്നു. 

കിണറിനുള്ളില്‍ കുട്ടിയ്ക്ക് ശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ കൃത്രിമഓക്‌സിജന്‍ സൗകര്യവും ലഭ്യമാക്കി. നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വ്യാഴാഴ്ച രാവിലെ രവിയെ പുറത്തെത്തിച്ചു. 

Content Highlights: Six-year-old boy who fell into borewell rescued safely, Pune