ന്യൂഡല്‍ഹി: ലോക്ക്ഡൗണിനു ശേഷം പല സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ക്ക് കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുമെന്ന് സൂചന. രാജ്യത്തെ ആറ് സംസ്ഥാനങ്ങള്‍ തൊഴിലാളികളുടെ ജോലി സമയം എട്ട് മണിക്കൂറില്‍നിന്ന് 12 മണിക്കൂര്‍ വരെ ദീര്‍ഘിപ്പിച്ചുകൊണ്ട് നിയമം പാസാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു. പരിമിതമായ തൊഴിലാളികളെ ഉപയോഗിച്ച് മുടങ്ങിക്കിടക്കുന്ന ജോലികള്‍ മുഴുവന്‍ ചെയ്തു തീര്‍ക്കാന്‍ കമ്പനികളെ സഹായിക്കുന്ന തരത്തിലാണ് പല സംസ്ഥാനങ്ങളും നിയമ നിര്‍മാണം നടത്തിയിട്ടുള്ളത്. 

മൂന്ന് മാസത്തേക്ക് നിലവിലുള്ള ജോലി സമയം വര്‍ധിപ്പിച്ചുകൊണ്ട് രാജസ്ഥാന്‍ ഏപ്രില്‍ 11 ന് വിജ്ഞാപനം പുറത്തിറക്കിയതായി എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 33 ശതമാനം ജീവനക്കാരെ ഉപയോഗിച്ചുകൊണ്ട് ആഴ്ചയില്‍ ആറു ദിവസവും സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് ഉത്തരവില്‍  പറയുന്നു. ഗുജറാത്ത്, ഹരിയാണ, മധ്യപ്രദേശ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളും സമാനമായ നിയമ നിര്‍മാണം നടത്തിക്കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. 

എന്നാല്‍, പുതിയ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഓവര്‍ടൈം ആനുകൂല്യങ്ങള്‍ ലഭിക്കുമോ എന്നകാര്യം വ്യക്തമല്ല. രാജസ്ഥാനിലെ നിലവിലുള്ള നിയമ പ്രകാരം നാല് മണിക്കൂര്‍ അധിക ജോലി  ചെയ്യുന്നവര്‍ക്ക് മാത്രമെ ഓവര്‍ടൈം അവകാശപ്പെടാന്‍ കഴിയൂ.  നിലവില്‍ നല്‍കുന്ന വേതനത്തിന് ആനുപാതികമായി ഓവര്‍ടൈം ആനുകൂല്യം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഗുജറാത്തിലെ നിയമം. ആറ് മണിക്കൂറിനുശേഷം തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കണമെന്നും ഗുജറാത്തിലെ ചട്ടങ്ങള്‍ വ്യക്തമാക്കുന്നു. 

എന്നാല്‍, തൊഴിലാളികള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ വേതനം നല്‍കാന്‍ കഴിയുന്ന അവസ്ഥയല്ല നിലവിലുള്ളതെന്നാണ് പല സ്ഥാപനങ്ങളും പറയുന്നത്. അതിനിടെ, ജോലി സമയം വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള രാജ്യവ്യാപക ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

കടപ്പാട് - NDTV

Content Highlights: Six states order longer shifts for workers after Lockdown