ന്യൂഡല്‍ഹി:   തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സാക്കിര്‍ നഗറില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തതില്‍ ആറുപേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ടെന്നാണ് വിവരം. സംഭവത്തില്‍ 11 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള നാലുനില ഫ്‌ളാറ്റിലാണ് തീപിടിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഇതില്‍ താമസിച്ചിരുന്നവര്‍ അധികവും ഉറക്കത്തിലായിരുന്നതാണ് ഇത്രയും അളുകള്‍ മരിക്കാന്‍ ഇടയാക്കിയത്. കെട്ടിടത്തില്‍ വൈദ്യുത ബോക്‌സിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

തീപ്പിടിത്തത്തെ തുടര്‍ന്ന് പുറത്തേക്കിറങ്ങാന്‍ സാധിക്കാതെ നിന്നവര്‍ ജീവന്‍ രക്ഷിക്കാനായി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. ഇവരില്‍ പലര്‍ക്കും പരിക്കേറ്റു. ഇവരെയെല്ലാം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. എട്ടോളം ഫയര്‍ എഞ്ചിനുകള്‍ എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. 

Content Highlights: fire that broke out at a residential building in southeast Delhi late last night