നവജ്യോത് സിങ് സിദ്ദുവിനെ ജയിലിലേക്ക് കൊണ്ടുപോവുന്നു | Photo: PTI
അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു ആറ് മാസത്തെ ജയില്‍ ജീവിതത്തിനിടയില്‍ കുറച്ചത് 34 കിലോ ശരീരഭാരം. കഠിനമായ ഭക്ഷണക്രമത്തിലൂടെയും രണ്ടു മണിക്കൂര്‍ നീളുന്ന യോഗയിലൂടെയും വ്യായാമത്തിലൂടെയുമാണ് സിദ്ദു ഇത്രയും ഭാരം കുറച്ചതെന്ന് അദ്ദേഹത്തിന്റെ അനുയായി അവകാശപ്പെട്ടു. 1988-ല്‍ റോഡില്‍ നടന്ന അടിപിടി കേസില്‍ ഒരു വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന സിദ്ദുവിന്റെ നിലവിലെ ഭാരം 99 കിലോയാണ്.
'സിദ്ദു കുറഞ്ഞത് നാല് മണിക്കൂര്‍ ധ്യാനിക്കുകയും രണ്ട് മണിക്കൂര്‍ യോഗയും വ്യായാമവും ചെയ്യുന്നു. രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെ വായിക്കുന്നു. നാല് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്' സിദ്ദുവിന്റെ അനുയായിയും മുന്‍ എം.എല്‍.എയുമായ നവ്തേജ് സിങ് ചീമ പറഞ്ഞു.
ശിക്ഷാ കാലാവധി കഴിഞ്ഞ സിദ്ദു പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും. ക്രിക്കറ്റ് താരമായിരുന്ന കാലത്തേതു പോലെയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതശൈലി. 34 കിലോ ഇതിനോടകം കുറച്ചു. ഇനിയും കുറയ്ക്കും. ഇപ്പോള്‍ 99 കിലോയുണ്ട്. എന്നാല്‍ ആറടി രണ്ടിഞ്ച് ഉയരമുള്ള സിദ്ദു, ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ശരീരഭാരത്തില്‍ സുന്ദരനാണ്. ധ്യാനത്തിന് കൂടുതല്‍ സമയം ചെലവിടുന്നതിനാല്‍ സിദ്ദു ശാന്തനായിയിട്ടുണ്ടെന്നും ചീമ പറഞ്ഞു. വെള്ളിയാഴ്ച സിദ്ദുവിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന് നേരത്തെയുണ്ടായിരുന്ന കരള്‍ സംബന്ധമായ ആശങ്കള്‍ക്ക് ഇപ്പോള്‍ കുറവ് തോന്നുന്നുണ്ടെന്നും ചീമ വ്യക്തമാക്കി.
'നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറും എംബോളിസവും അദ്ദേഹത്തിനുണ്ടായിരുന്നു. തേങ്ങാവെള്ളം, ബദാം മില്‍ക്ക്, റോസ്മേരിചായ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഗോതമ്പും പഞ്ചസാരയും ഭക്ഷണത്തില്‍നിന്ന് ഒഴിവാക്കി. ദിവസം രണ്ടു നേരം മാത്രമേ ഭക്ഷണം കഴിക്കൂ. വൈകീട്ട് ആറ് മണിക്ക് ശേഷം ഒന്നും കഴിക്കില്ല. ജയിലില്‍ ഒരു ക്ലര്‍ക്കിന്റെ ജോലിയാണ് അദ്ദേഹം ചെയ്യുന്നത്. ജയിലധികൃതര്‍ നല്കുന്ന ജോലികള്‍ തന്റെ തടവറയില്‍ വെച്ചാണ് സിദ്ദു ചെയ്യുന്നത്' ചീമ പറഞ്ഞു.
Content Highlights: Six months in jail, Navjot Singh Sidhu has ‘lost 34 kg’
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..