അമരാവതി: ആന്ധ്രയിലും ഒഡീഷയിലും തീരംതൊട്ട ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്രയില്‍ ആറ് മത്സ്യത്തൊഴിലാളികളെ കാണാതായതായി റിപ്പോര്‍ട്ട്. ആന്ധ്രയുടെ വടക്കന്‍ തീരപ്രദേശത്ത് ശ്രീകാകുളം ജില്ലയിലാണ് ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ ആറ് മത്സ്യത്തൊഴിലാളികളെ കാണാതായത്. 

ഗുലാബ് ചുഴലിക്കാറ്റ് തീരത്തേക്ക് പ്രവേശിച്ചതിനെ തുടര്‍ന്ന് ആന്ധ്രയിലെ വടക്കന്‍ തീരപ്രദേശ ജില്ലകളായ വിശാഖപട്ടണം, വിസിനഗരം, ശ്രീകാകുളം എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മത്സ്യത്തൊഴിലാളികളെ കാണാതായത്. പലാസയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളായ ഇവര്‍ രണ്ട് ദിവസം മുന്‍പ് വാങ്ങിയ ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു.

ആറുപേരില്‍ ഒരാള്‍ ഗ്രാമത്തിലേക്ക് ഫോണില്‍ വിളിച്ച് ബോട്ടിന് നിയന്ത്രണം നഷ്ടമായതായും കൂടെയുള്ളവരെ കാണാതായതായും അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വൈകാതെ തന്നെ ഇദ്ദേഹവുമായുള്ള ഫോണ്‍ ബന്ധവും നഷ്ടമായി. ഫിഷറീസ് മന്ത്രി അപ്പാള രാജു ഇടപെട്ടതിനെ തുടര്‍ന്ന് നേവിയുടെ നേതൃത്വത്തില്‍ ഇവര്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട്.

Content Highlights: Six fishermen from Andhra's Srikakulam go missing at sea as Cyclone Gulab inches closer to coast