മുംബൈ: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ആവശ്യപ്പെട്ട് മറാഠ സമുദായ സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തിനിടെ പുണെയില്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. പുണെ-നാസിക്ക് ദേശീയപാതയില്‍ ചകാന്‍ വ്യവസായ മേഖലയിലാണ് വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടന്നത്. 

വാഹനങ്ങള്‍ക്ക് നേരെ കല്ലേറുമുണ്ടായതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പ്രക്ഷോഭം അക്രമാസക്തമായതോടെ ചകാനില്‍ അധികൃതര്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതല്‍ പോലീസുകാരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. 

ഇതിനിടെ രണ്ട് മറാഠ പ്രക്ഷോഭകര്‍ ആത്മഹത്യ ചെയ്തു. നന്ദദില്‍ ഒരാള്‍ തൂങ്ങിമരിക്കുകയും ഔറംഗാംബാദില്‍ മറ്റൊരാള്‍ ട്രെയിനിന് മുന്നിലേക്ക് ചാടിയുമാണ് ആത്മഹത്യ ചെയ്തത്. 

കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ ജയില്‍ നിറയ്ക്കല്‍ സമരത്തിന് പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.