ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം ഭയാനകമാണെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഡിസംബറില്‍ രാജ്യത്തെ കോവിഡ് സാഹചര്യം അതീവ മോശമാകും. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന ഡല്‍ഹിയെയും മഹാരാഷ്ട്രയേയും സുപ്രീം കോടതി വിമര്‍ശിച്ചു
ജാഗ്രതയും മുന്‍കരുതലും നഷ്ടമായാല്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് അടുത്ത മാസം ഉണ്ടാകുമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡല്‍ഹി, ഗുജറാത്ത്, അസം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോട് കഴിഞ്ഞ രണ്ട് ദിവസത്തിന് ഇടയില്‍ കോവിഡ് രോഗികളില്‍ ഉണ്ടായ വര്‍ദ്ധനവ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
മറ്റ് സംസ്ഥാനങ്ങള്‍ കോവിഡ് സാഹചര്യം സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് കൈമാറണം.
ഡല്‍ഹിയിലെ കോവിഡ് സാഹചര്യം കഴിഞ്ഞ രണ്ട് ആഴ്ചയായി വളരെയധികം മോശമാണ്. ഡല്‍ഹിയും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ കോവിഡ് സാഹചര്യം ഏറ്റവും മോശം ഗുജറാത്തിലാണ്. വിവാഹ ചടങ്ങുകള്‍ക്കും, ഘോഷയാത്രകള്‍ക്കും, ഉത്സവ ചടങ്ങുകള്‍ക്കും ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെയും സുപ്രീം കോടതി വിമര്‍ശിച്ചു.
ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഗുജറാത്തിലെ സ്ഥിതി കൈവിട്ടു പോകുമെന്നും കോടതി നിരീക്ഷിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.
content highlights: Situation May Worsen: Supreme Court Wants Covid Report From 4 States