ന്യൂഡല്‍ഹി: ബാലാകോട്ട് വ്യോമാക്രമണം നടത്തിയതിന് വ്യോമസേനയെ വീണ്ടും പ്രശംസിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത്. ഫെബ്രുവരി 26ന് ഇന്ത്യന്‍ വ്യോമസേന വ്യോമാക്രമണം നടത്തിയ ബലാകോട്ടില്‍ പാകിസ്താന്‍ വിദേശ മാധ്യമപ്രവര്‍ത്ത സംഘത്തെ പ്രവേശിപ്പിച്ചതിന് പിന്നാലെയാണിത്. 

ഗഗന്‍ശക്തി, വായുശക്തി എന്നീ സൈനിക അഭ്യാസ പ്രകടനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിലും മന്ത്രി സൈന്യത്തെ അഭിനന്ദിച്ചു. ഈ പരിശീലനങ്ങളിലെ പ്രകടനങ്ങള്‍ ബലാകോട്ട് വ്യോമാക്രമണത്തിലും പ്രതിഫലിച്ചതായി മന്ത്രി വിലയിരുത്തി. 

ബലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന ഇന്ത്യന്‍ വാദങ്ങളെ തള്ളിയ പാകിസ്താന്‍ പ്രദേശം കഴിഞ്ഞ ദിവസം വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്കും നയതന്ത്രജ്ഞര്‍ക്കുമായി തുറന്നു കൊടുത്തിരുന്നു. നേരത്തെ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്ന പ്രദേശമാണ് തുറന്നുകൊടുത്തത്.

ഫെബ്രുവരി 27 ന് നടന്ന വ്യോമാക്രമണത്തില്‍ പാകിസ്താന്‍ യുദ്ധവിമാനത്തെ വെടിവെച്ച് വീഴ്ത്തിയെന്ന ഇന്ത്യന്‍ നിലപാടിനെയും പാകിസ്താന്‍ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഈ വ്യോമാക്രമണത്തിന്റെ റഡാര്‍ ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ ഇന്ത്യ പുറത്തുവിട്ടു. പാകിസ്താന്‍ സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് സൈന്യത്തെ മന്ത്രി അഭിനന്ദിച്ചത്.

content highlights: Sitharaman lauds IAF for flawless Balakot strike