തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരെ വീടുകയറി പ്രചാരണത്തിനൊരുങ്ങി സിപിഎം. ഒറ്റയ്ക്ക് പ്രക്ഷോഭം വേണ്ടെന്ന നിലപാടാണ് സിപിഎം എടുത്തിരിക്കുന്നത്. എന്നാല്‍ യോജിച്ച പ്രക്ഷോഭവുമായി മുന്നോട്ടുപോകും. ഇതിനുള്ള സാഹചര്യങ്ങള്‍ നിലവില്‍ വന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്നും കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
എന്‍പിആറുമായി ജനങ്ങള്‍ സഹകരിക്കരുതെന്ന് കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. സിഎഎയും എന്‍പിആറും എന്‍ആര്‍സിയും പരസ്പരം ബന്ധപ്പെട്ടുകിടക്കുകയാണ്. മൂന്നും ഒരൊറ്റ പാക്കേജായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് സിപിഎം ആരോപിച്ചു. പൗരത്വ രജിസ്റ്ററിലെയും ജനസംഖ്യ രജിസ്റ്ററിലെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കും. രാജ്യത്തുള്ള എല്ലാ തടങ്കല്‍ പാളയങ്ങളും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട സിപിഎം ഇപ്പോള്‍ പുറത്തുവരുന്നത് ഹിന്ദുത്വ ഫാസിസത്തിന്റെ മുസ്ലീം വിരുദ്ധതയാണെന്നും ചൂണ്ടിക്കാട്ടി.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടയില്‍ അക്രമം നടന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. യുപിയില്‍ പൊതുമുതല്‍ നശിപ്പിച്ചത് പോലീസാണ്. എന്നാല്‍ ഭീമമായ നഷ്ടപരിഹാരം ചുമത്തി നിരപരാധികളെ വേട്ടയാടുന്നു.
ഗവര്‍ണര്‍മാരുടെ പ്രസക്തിയെ കുറിച്ച് ആലോചിക്കേണ്ട സമയമായെന്നും യെച്ചൂരി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രതിനിധിയാണ് ഗവര്‍ണര്‍. സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍ പദവി ആവശ്യമുണ്ടോയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് ഗവര്‍ണര്‍ ഭരണഘടന വായിക്കണം - യെച്ചൂരി കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസ്സാക്കിയതിനെ ചൊല്ലി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ പദവിയെ കുറിച്ചുള്ള യെച്ചൂരിയുടെ അഭിപ്രായ പ്രകടനം.
കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനം അവസാനിപ്പിക്കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. പ്രളയ സഹായം നിഷേധിച്ചത് കടുത്ത വിവേചനമാണ്. റിപ്പബ്ലിക് ദിനത്തില്‍ കേരളത്തില്‍ നിന്നുള്ള അനുമതി നിഷേധിച്ചു.
Content Highlights: Sitaram Yechury briefs the decisions taken by CPM central committee


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..