റായ്പുര്‍ (ഛത്തീസ്ഗഢ്): നെഹ്രു കുടുംബത്തിനെതിരേ ആഞ്ഞടിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. സീതാറാം കേസരിയെ സ്ഥാനഭ്രഷ്ടനാക്കിയാണ് സോണിയാഗാന്ധിയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് അവരോധിച്ചതെന്ന് മോദി ആരോപിച്ചു. കേസരിയെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കാഞ്ഞത് അദ്ദേഹം നെഹ്രു കുടുംബാംഗം അല്ലാത്തതുകൊണ്ടാണെന്നും മോദി അഭിപ്രായപ്പെട്ടു.

നെഹ്രു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാളെ അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്ന് കഴിഞ്ഞ ദിവസം മോദി വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെ നെഹ്രു കുടുംബത്തിന് പുറത്തുനിന്നുള്ള പാര്‍ട്ടി അധ്യക്ഷന്മാരുടെ പട്ടിക കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പുറത്തുവിട്ടിരുന്നു. ആചാര്യ കൃപലാനി, പട്ടാഭി സീതാരാമായ്യ, പുരുഷോത്തംദാസ് ടാന്‍ഡന്‍ തുടങ്ങി പി.വി. നരസിംഹറാവു, സീതാറാം കേസരി വരെയുള്ളവരുടെ പേരുകളാണ് ചിദംബരം ട്വീറ്റിലൂടെ പുറത്തുവിട്ടത്. ഇവരില്‍ സീതാറാം കേസരിയുടെ പേര് എടുത്തു പറഞ്ഞാണ് മോദി ഇപ്പോള്‍ ആക്രമണം നടത്തിയിരിക്കുന്നത്.

നെഹ്രു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ അഞ്ചുവര്‍ഷം തികച്ച് പാര്‍ട്ടി അധ്യക്ഷനായിരിക്കുന്നത് കാണിച്ചാല്‍ ജനാധിപത്യ പാര്‍ട്ടിയാണ് അദ്ദേഹം സ്ഥാപിച്ചതെന്ന് സമ്മതിക്കാമെന്നായിരുന്നു മോദി ആവര്‍ത്തിച്ചു പറഞ്ഞത്. ഇതോട് ചേര്‍ത്താണ് സീതാറാം കേസരി നെഹ്രു കുടുംബാംഗം അല്ലാത്തതും കാരണമാണ് അധ്യക്ഷ സ്ഥാനത്തുനിന്ന് പൊതുനിരത്തിലേക്ക് എടുത്തെറിയപ്പെട്ടത് എന്ന് മോദി ആരോപിച്ചിരിക്കുന്നത്. 1996 മുതല്‍ 1998 വരെയാണ് സീതാറാം കേസരി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നത്.   

content highlights: Sitaram Kesri, Congress President,Sonia Gandhi,Congress