വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന കോവിഡ് കാലവും വീടിനുള്ളില്‍ തങ്ങാന്‍ പ്രേരിപ്പിക്കുന്ന മഞ്ഞുകാലവും.. കശ്മീരിലെ രണ്ട് സഹോദരിമാര്‍ ചിന്തിച്ചത് കോവിഡ് പോരാളികള്‍ക്ക് ഏതു വിധത്തില്‍ കൃതജ്ഞത പ്രകടിപ്പിക്കാമെന്നാണ്. വൈകിയില്ല, വീടിന് മുന്നില്‍ വീണ മഞ്ഞ് കൂട്ടി ഇരുവരും ചേര്‍ന്ന് ഒരു ശില്പം നിര്‍മിച്ചു. അതോടെ വീട്ടിലേക്ക് സന്ദര്‍ശകരുടെ പ്രവാഹമായി. 

ഒരു വനിതാ ഡോക്ടര്‍, കോവിഡ് വാക്‌സിന്‍ നിറച്ച സിറിഞ്ച്, സ്‌റ്റെതസ്‌കോപ്പ്, ലോകാരോഗ്യസംഘടനയുടെ ചുരുക്കെഴുത്ത്(ഡബ്ല്യുഎച്ച്ഒ) എന്നിവയാണ് സഹോദരിമാരായ ക്വാറത്തുള്‍ ഐന്‍ സൊഹ്‌റയും ഐമന്‍ സൊഹ്‌റയും മഞ്ഞിലൊരുക്കിയത്. 

ആഗോളതലത്തിലും പ്രത്യേകിച്ച് കശ്മീരിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പെട്ടിരിക്കുന്നവര്‍ക്കുള്ള നന്ദി സൂചകമായാണ് മഞ്ഞുശില്‍പമൊരുക്കിയതെന്ന് സൊഹ്‌റ സഹോദരിമാര്‍ പറയുന്നു. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, പോലീസ്, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവര്‍ക്കുമായി ശില്‍പം സമര്‍പ്പിക്കുന്നതായി ഇവര്‍ പ്രതികരിച്ചു. 

പ്രതിരോധ പ്രവര്‍ത്തനരംഗത്തുള്ള എല്ലാ വനിതകള്‍ക്കുമുള്ള പ്രത്യേക നന്ദി സൂചകമായും സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നല്‍കുന്നതിനുമായാണ് വനിതാ ഡോക്ടറെ നിര്‍മിച്ചതെന്ന് സഹോദരിമാര്‍ പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോളസമ്പദ്‌വ്യവസ്ഥ തകരാറിലായി യുവാക്കളുള്‍പ്പെടെ നിരവധി പേര്‍ തൊഴില്‍രഹിതരായി. എന്നാല്‍ വാക്‌സിന്‍ നമ്മുടെ ജീവിതത്തിലേക്ക് പുതിയ വെളിച്ചം കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. 

സഹോദരിമാരില്‍ ഒരാള്‍ ഡോക്ടറും മറ്റേയാള്‍ അഭിഭാഷകയുമാണ്. ശില്‍പനിര്‍മാണത്തില്‍ മാത്രമല്ല ഈ സഹോദരിമാരുടെ പ്രാവീണ്യം തെളിയിച്ചിട്ടുളളത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായും ഇവര്‍ ജോലിചെയ്യുന്നു. വിദ്യാഭ്യാസകാലത്ത് നേടിയ പുരസ്‌കാരങ്ങളാണ് കലാരംഗത്ത് ഇപ്പോഴും പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് പ്രചോദനം നല്‍കുന്നത്. ഹോബിയാണെങ്കിലും ഏറെ അഭിമാനത്തോടും ആത്മാര്‍ഥയോടെയുമാണ് ഇതൊക്കെ ചെയ്യുന്നതെന്ന് സൊഹ്‌റ സഹോദരിമാര്‍ സന്തോഷത്തോടെ പറയുന്നു. 

Content Highlights: Sisters From Kashmir Make Snow Sculpture As Tribute To Corona Warriors