ചെന്നൈ: വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം. അതിനു സമീപത്ത് പാവകളെ കളിപ്പിച്ചുകൊണ്ട് അവരുടെ പെണ്‍മക്കള്‍. മാനസികാസ്വാസ്ഥ്യമുള്ള പെണ്‍മക്കള്‍ തന്നെയാണ് സ്ത്രീയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. തമിഴ്‌നാട് തിരുനെല്‍വേലിയിലെ പാളയംകോട്ടയിലാണ് സിനിമാക്കഥകളെ വെല്ലുന്ന സംഭവം. തങ്ങള്‍ തന്നെയാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് പിന്നീട് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തുകയും ചെയ്തു.

ഉഷ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള പെണ്‍മക്കള്‍ക്കൊപ്പം പാളയംകോട്ടയിലെ കെ.ടി.സി നഗറില്‍ താമസിച്ചുവരികയായിരുന്നു ഉഷ. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ഇവര്‍, സ്‌കൂള്‍കുട്ടികള്‍ക്ക് ട്യൂഷനെടുത്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ചൊവ്വാഴ്ച, രാവിലെ മുതല്‍ ഉഷ വീട്ടിന് പുറത്തിറങ്ങാത്തത് ശ്രദ്ധയിപ്പട്ടതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അന്വേഷിച്ചെത്തി. അപ്പോള്‍ സഹോദരിമാരില്‍ ഒരാള്‍ പുറത്തുവരികയും അമ്മ മരിച്ചുവെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ നെല്ലായ് പോലീസിനെ വിവരമറിയിച്ചു. 

സ്ഥലത്തെത്തിയ പോലീസ് കാണുന്നത്, രക്തത്തില്‍ കുളിച്ച്  കട്ടിലില്‍ കിടക്കുന്ന ഉഷയുടെ മൃതദേഹവും അരികില്‍ പെണ്‍മക്കള്‍ പാവകളുമായി കളിക്കുന്നതുമായിരുന്നു. ഏറെ സമയത്തെ ശ്രമത്തിനു ശേഷമാണ് സഹോദരിമാരെ പോലീസ് അനുനയിപ്പിച്ചത്. ഇതിന് ശേഷമാണ് ഇവര്‍ വാതില്‍ തുറന്നത്. പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ രക്തത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് ഉഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

ഉഷയുടെ മരണം മക്കളെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. ഒരു പെണ്‍കുട്ടി മറ്റേയാള്‍ക്ക് ബിസ്‌കറ്റ് നല്‍കുകയായിരുന്നെന്നും പോലീസ് കൂട്ടിച്ചേര്‍ക്കുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. അവിടെ വെച്ച്, വടികൊണ്ട് അടിച്ചും കുത്തിയും തങ്ങളാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ വെളിപ്പെടുത്തിയെന്നാണ് സൂചന. മാനസികനില പരിശോധിച്ചതിനും മതിയായ ചികിത്സയ്ക്കും ശേഷം പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. 

Content Highlights: sisters confessed killing of mother, found playing with doll near deadbody