ന്യൂഡല്‍ഹി : പ്രധാനമന്ത്രിക്ക് വാക്‌സിന്‍ നല്‍കിയത് പുതുച്ചേരി സ്വദേശി നിവേദ. വാക്‌സിന്‍ നല്‍കിയ സംഘത്തില്‍ ഒപ്പമുണ്ടായിരുന്നത് മലയാളി നഴ്‌സായ തൊടുപുഴ സ്വദേശിനി റോസമ്മ അനില്‍ ആണ്.

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി എയിംസില്‍ നിന്ന് കോവിഡ് വാക്‌സിനായ കോവാക്സിന്‍ സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച് അരമണിക്കൂറോളം നിരീക്ഷണത്തില്‍ ഇരുന്നതിന് ശേഷമാണ് പ്രധാനമന്ത്രി ആശുപത്രി വിട്ടത്.

മൂന്ന് വര്‍ഷമായി എയിംസില്‍ നഴ്സ് ആയി ജോലി ചെയ്യുകയാണ് നിവേദ. 'പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നുവെന്ന് രാവിലെയാണ് അറിഞ്ഞത്. പ്രധാനമന്ത്രിയെ കാണാനും സംസാരിക്കാനും സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. ഞങ്ങള്‍ എവിടെ നിന്നുള്ളവരാണെന്ന് പ്രധാനമന്ത്രി ചോദിച്ചു. വണക്കം പറഞ്ഞു'. കുത്തിവെപ്പെടുത്തുകഴിഞ്ഞപ്പോള്‍ തനിക്ക് അനുഭവപ്പെട്ടതുപോലുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതായും നിവേദ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിക്കാന്‍ വരുന്നുവെന്നത് സര്‍പ്രൈസ് ആയിരുന്നുവെന്നാണ് മലയാളിയായ റോസമ്മ പ്രതികരിച്ചത്. 

രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്സിന്‍ സ്വീകരിച്ചത്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ഇന്നുമുതല്‍ വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നത്.

അര്‍ഹരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്ന് മോദി വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം ട്വിറ്ററില്‍ കുറിച്ചു. 'എയിംസില്‍ നിന്ന് കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചു. കോവിഡിനെതിരേയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും അതിവേഗത്തില്‍ പ്രവര്‍ത്തിച്ചത് ശ്രദ്ധേയമാണ്. അര്‍ഹരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം' മോദി ട്വീറ്റ് ചെയ്തു.

Content Highlights: Sister P Niveda, from Puducherry, administered COVAXIN (Bharat BioTech) to PM Modi