സുരക്ഷിതമല്ലെന്ന് അധികൃതർ അടയാളപ്പെടുത്തിയ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്ന സ്ത്രീകളെ സമാധാനിപ്പിക്കുന്നവർ | Photo: ANI
രണ്ടായ് പിളര്‍ന്ന ചുവര് നോക്കി ബിന്ദു കുറച്ച് സമയം നിന്നു. പിന്നെ തിരിഞ്ഞു നടന്നു, അപ്പഴേക്കും സങ്കടം കണ്ണുനീരായിപ്പടര്ന്നു. ആ കണ്ണീര് തുടച്ച് ബിന്ദു പറഞ്ഞു: ''കഷ്ടപ്പെട്ട് പണിയെടുത്താണ് ഈ വീട് പണിതത്. അറുപത് വര്‍ഷമായി ഇവിടെയാണ് ഞങ്ങള്‍ താമസിച്ചത്. പക്ഷേ, ഇപ്പോള്‍ എല്ലാം അവസാനിക്കുകയാണ്.''
ബിന്ദു ഇരുന്ന് സംസാരിച്ച ഇടത്തിന് മുകളിലായി ഒരു ചുവന്ന ചിഹ്നം കാണാം. ചുവരിലെ ഈ ചുവന്ന ചിഹ്നം ജോഷിമഠിലെ പുതിയ അപായസൂചനയാണ്. ഈ കെട്ടിടം ഇനി നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല എന്ന സര്‍ക്കാരിന്റെ നിര്‍ദേശം. പ്രദേശത്തെ 678 വീടുകളില്‍ ചെറുതും വലുതുമായ വിള്ളലുകള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രൂപപ്പെട്ടു. അതില്‍ ഇരുന്നൂറോളം വീടുകള്‍ക്ക് മുകളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ചുവന്ന വരയിട്ടു.

വീടിന്റെ ആധാരവും ഇന്ത്യയില്‍ ജീവിക്കുന്നു എന്നതിന്റെ പുതിയ അടയാളമായ ആധാറും പിന്നെ കയ്യിലൊതുങ്ങുന്നതെല്ലാം എടുത്ത് ഒരു ചെറുപട്ടണം മലയിറങ്ങുകയാണ്. ഇനി തിരിച്ച് ഈ മണ്ണിലേയ്ക്ക് വരാന്‍ കഴിയുമോ എന്ന ആധി ഈ മനുഷ്യരുടെയെല്ലാം കണ്ണിലുണ്ട്. ജനിച്ചു വീണ, കളിച്ച് വളര്‍ന്ന, നയിച്ച് നേടിയ ഇന്നലെകളെല്ലാം ഈ ജനതയ്ക്ക് നഷ്ടമാകുന്നു. ജോഷിമഠിന് സമീപത്തെ കര്‍ണപ്രയാഗിലും ഇന്ന് വീടുകളില്‍ പുതിയ വിള്ളല്‍ കണ്ടു. നാളെ എവിടെയാകും എന്ന ഭയം ജനതയെ പൊതിയുന്നു. ഉത്തരാഖണ്ഡിലെ ജോഷിമഠ് മനുഷ്യജീവന് അസാധ്യമാകും വിധം തകര്‍ന്നടിയുകയാണ്. കൂടുതല്‍ വീടുകള്‍ വിണ്ടുകീറിക്കൊണ്ടേയിരിക്കുന്നു. ആളുകള്‍ ജീവനെങ്കിലും രക്ഷിക്കാം എന്ന് കരുതി കുടിയൊഴിയുന്നു. പ്രകൃതിയ്ക്ക് മുന്നില്‍ മനുഷ്യര്‍ നിസ്സഹായരാകുന്ന അനേകം അവസരങ്ങളിലൊന്ന് നമ്മുടെ കണ്മുന്നില് സംഭവിക്കുന്നു.
താല്‍ക്കാലിക കേന്ദ്രങ്ങളിലേയ്ക്ക് ജീവിതം പറിച്ച് നടേണ്ടി വന്ന നമ്മുടെ സഹജീവികള്‍ ഇടയ്ക്ക്, അവര്‍ ഇത്രയും കാലം ജീവിച്ച ഇടങ്ങളിലേയ്ക്കെത്തി കണ്ണീര് പൊഴിക്കുന്നു. ജോഷിമഠിലെ താമസക്കാരുടെ ആകെ എണ്ണം ഇരുപതിനായിരത്തിനടുത്താണ്. ഇതില്‍ നാലായിരത്തിലധികം പേരെ താര്‍ക്കാലിക, സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി. വലിയ വെള്ളലുകള് വീണ മലരി ഇന്‍, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകള്‍ പൊളിച്ച് നീക്കുന്നു. ഇത്തരം വീടുകളും പൊളിച്ച് നീക്കും. ഭൂമിയും സ്വത്തുവകകളും സംരക്ഷിക്കണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രദേശവാസികള്‍ സമരത്തിലാണ്.

കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ജോഷിമഠിലെത്തി. കേന്ദ്രം നിയോഗിച്ച വിദഗ്ധ സംഘം പരിശോധന തുടരുകയും ചെയ്യുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും പ്രദേശത്ത് വിപുലമായ പുനരധിവാസ പദ്ധതി നടപ്പിലാക്കുക. സംഭവം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഈ മാസം 16-ന് പരിഗണിക്കും.
ജോഷിമഠ് ഭൂമിശാസ്ത്രപരമായി അസ്ഥിരമായ പ്രദേശമാണ് എന്ന റിപ്പോര്‍ട്ട് 1976 മെയ് ഏഴിന് ഗാര്‍വല്‍ മണ്ഡലിന്റെ നേതൃത്വത്തിലുള്ള 18 അംഗ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചതാണ്. വലിയ നിര്‍മാണങ്ങള്‍ ഉള്‍പ്പടെ അനുവദിക്കരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, പരിഗണിക്കപ്പെട്ടില്ല. ഉത്തരാഖണ്ഡില്‍ ഇത്തരം ഭൗമപ്രതിഭാസം ആദ്യമല്ല. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകള്‍ക്കിടെ ഇതുവരെ നാല് ഗ്രാമങ്ങള്‍ നാമാവശേഷമായിട്ടുണ്ട്. ധാര്‍ചുല ജില്ലയിലെ ഗര്ബ്യാങ്, ഉത്തരകാശിയിലെ ബാഗി, തല്ലധുമാര്, ഉംലിഭണ്ഡാരിഗാവ് എന്നീ ഗ്രാമങ്ങള്‍ മണ്ണോട് ചേര്‍ന്നു. ജോഷിമഠില്‍ ഇനി ജനവാസം സാധ്യമാകുമോ എന്ന സംശയം ജനിപ്പിക്കുന്നതാണ് ഈ മുന്നനുഭവം.
Content Highlights: sinking joshimath town peoples evacuation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..