പ്രതീകാത്മക ചിത്രം | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത മകന്റെ പാസ്‌പോര്‍ട്ടില്‍ നിന്ന് അച്ഛന്റെ പേര് നീക്കംചെയ്തുനല്‍കണമെന്നാവശ്യപ്പെട്ട് അമ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ അനുകൂല വിധി. ആവശ്യമായ നടപടി സ്വീകരിക്കാന്‍ പാസ്‌പോര്‍ട്ട് അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. മകന്‍ ജനിക്കുന്നതിന് മുമ്പുതന്നെ കുട്ടിയുടെ അച്ഛന്‍ ഉപേക്ഷിച്ചുപോയതാണെന്നും താന്‍ ഒറ്റയ്ക്കാണ് കുട്ടിയെ വളര്‍ത്തുന്നതെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചിരുന്നു.
കുട്ടിയെ പൂര്‍ണമായും അച്ഛന്‍ ഉപേക്ഷിച്ച സംഭവമാണിതെന്ന് ജസ്റ്റിസ് പ്രതിഭ എം. സിങ് നിരീക്ഷിച്ചു. കേസിന്റെ അപൂര്‍വവും അസാധാരണവുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുട്ടിയുടെ പാസ്‌പോര്‍ട്ടില്‍ നിന്ന് പിതാവിന്റെ പേര് നീക്കംചെയ്യാനും അച്ഛന്റെ പേര് ഉള്‍പ്പെടുത്താതെ കുട്ടിയ്ക്ക് പുതിയ പാസ്‌പോര്‍ട്ട് അനുവദിച്ചുനല്‍കാനും കോടതി നിര്‍ദേശിച്ചു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ജൈവിക പിതാവിന്റെ പേര് ഒഴിവാക്കാമെന്നും കുടുംബപ്പേരില്‍ മാറ്റംവരുത്താമെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള കേസുകള്‍ പരിഗണിക്കുമ്പോള്‍ വസ്തുനിഷ്ഠമായ സംഗതികള്‍ കൂടി കണക്കിലെടുക്കണമെന്നും കോടതി പറഞ്ഞു. ഒരുകുട്ടിയുടെ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍ മാതാപിതാക്കളുടെ വിവാഹബന്ധത്തിലെ ഭിന്നതകള്‍ കൂടി ഉള്‍പ്പെടുന്ന അസംഖ്യം സാഹചര്യങ്ങള്‍ അധികൃതര്‍ കണക്കിലെടുക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
കുട്ടിയെ അച്ഛന്‍ പൂര്‍ണമായും ഇപേക്ഷിച്ചതാണെന്നും താന്‍ മകന്റെ ഏക രക്ഷിതാവാണെന്നും ഹര്‍ജിക്കാരി വ്യക്തമാക്കിയ സാഹചര്യത്തില്‍ കുട്ടിയുടെ പാസ്‌പോര്‍ട്ടില്‍ അച്ഛന്റെ പേര് കൂടി ഉള്‍പ്പെടുത്തണമെന്ന് പാസ്‌പോര്‍ട്ട് അധികൃതര്‍ക്ക് നിബന്ധന വെക്കാനാവില്ലെന്നും ഏപ്രില്‍ 19-ന് പുറപ്പെടുവിച്ച വിധി പ്രസ്താവത്തില്‍ ഹൈക്കോടതി വ്യക്തമാക്കി. കുഞ്ഞിന്റെ ജനനത്തിന് മുമ്പുതന്നെ അച്ഛന്‍ ഉപേക്ഷിച്ചുപോയതാണെന്നുള്ള ഹര്‍ജിക്കാരിയുടെ വാദംകൂടി പരിഗണിച്ചായിരുന്നു വിധി.
Content Highlights: Single Mother Wins Case To Get Father's Name Removed From Son's Passport
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..