ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തിയിലെ കര്‍ഷക സമര സ്ഥലത്ത് ദളിത് യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. നിഹാങ് വിഭാഗത്തില്‍പ്പെട്ട ഭഗവന്ത് സിങ്, ഗോവിന്ദ് സിങ് എന്നിവരെയാണ് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് നാല് നിഹാങ്ങുകള്‍ അറസ്റ്റിലായി.

സംഭവത്തില്‍ നിഹാങ് വിഭാഗത്തിലെ രണ്ടു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സരബ് ജിത്ത് സിങ് എന്നയാളാണ് ആദ്യം അറസ്റ്റിലായത്. സോനിപത് കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ശനിയാഴ്ച നാരായണ്‍ സിങ് എന്ന മറ്റൊരാളും അറസ്റ്റ് ചെയ്യപ്പെട്ടു. പഞ്ചാബിലെ അമര്‍കോട്ട് ജില്ലയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കുണ്ടലിയിലെ കര്‍ഷക സമരം നടക്കുന്ന സ്ഥലത്ത് ദളിത് യുവാവിനെ രണ്ടു കൈകളും മുറിച്ചശേഷം ക്രൂരമായാണ് കൊലപ്പെടുത്തിയത്. ശേഷം പോലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കുകയായിരുന്നു. സംഭവം വിവാദമായതോടെ നിഹാങ്ങുകളാണ് കൊലയ്ക്ക് പിന്നില്‍ എന്നാരോപിച്ച് കൊണ്ട് സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തു വരികയും ചെയ്തിരുന്നു. 

തങ്ങളുടെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതിനാണ് കൊല നടത്തിയതെന്ന് നിഹാങ് സംഘടനാ തലവന്‍ ബല്‍വിന്ദര്‍ സിങ് വ്യക്തമാക്കിയിരുന്നു.

Content Highlights: Singhu Border Lynching- Two More Nihangs arrested