പ്രതീകാത്മക ചിത്രം | AFP
അമൃത്സര്‍: കൃത്യമായ സമയം പാലിക്കാതെ വിമാനം വൈകുന്ന വാര്‍ത്തകള്‍ പതിവാണ്. എന്നാല്‍ അമൃത്സറില്നിന്നു വരുന്നത് വ്യത്യസ്തമായ ഒരു വാര്‍ത്തയാണ്. 27 യാത്രികരെ കയറ്റാതെ നിശ്ചയിച്ച സമയത്തിനും മണിക്കൂറുകള്‍ക്ക് മുന്‍പ് വിമാനം പറന്നുയര്‍ന്നു. ബുധനാഴ്ചയാണ് സംഭവം. രാത്രി 7.55-ന് പുറപ്പടേണ്ടിരുന്ന സിംഗപ്പൂര്‍ സ്കൂട്ട് എയര്‍ലൈന്‍സ് വിമാനമാണ് സമയം പുനഃക്രമീകരിച്ച് ഉച്ചയ്ക്ക് മൂന്നു മണിക്ക് പറന്നുയര്‍ന്നത്. 280 യാത്രക്കാര്‍ സഞ്ചരിക്കാനിരുന്ന വിമാനത്തില്‍ 253 പേര് മാത്രമാണ് യാത്ര ചെയ്തത്. യാത്ര നഷ്ടമായ യാത്രക്കാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
വിമാനത്തിന്റെ സമയമാറ്റം യാത്രക്കാരെ അറിയിച്ചിരുന്നുവെന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കുന്നത്. തങ്ങള്‍ ഇ-മെയില്‍ വഴി സന്ദേശം കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 30 പേര്‍ക്ക് ടിക്കറ്റെടുത്ത ട്രാവല്‍ ഏജന്റ് വിവരം കൈമാറാത്തതാണ് വിമാനയാത്ര നഷ്ടപ്പെടാൻ കാരണം. സംഭവത്തില്‍ ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂട്ട് എയര്‍ലൈന്‍സ് അധികൃതരില്‍നിന്നും അമൃത്സര്‍ വിമാനത്താവളത്തിലെ അധികാരികളില്‍ നിന്നും ഡി.ജി.സി.എ. വിശദാംശങ്ങള്‍ തേടി.
സമാനമായ സംഭവം ബെംഗളൂരു വിമാനത്താവളത്തിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡല്‍ഹി-ബെംഗളൂരു ഗോ ഫസ്റ്റ് വിമാനമാണ് 55-ഓളം യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്നത്. ഇവര്‍ ഷട്ടില്‍ ബസില്‍ വിമാനത്തിലേക്ക് പോകുന്നതിനിടയിലാണ് വിമാനം പറന്നുയര്‍ന്നത്. തുടര്‍ന്ന് ഇവര്‍ക്ക് മറ്റൊരു വിമാനത്തില്‍ യാത്രക്കുള്ള സൗകര്യം ഒരുക്കി. സംഭവത്തില്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന് ഡി.ജി.സി.എ. കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
Content Highlights: Singapore-Bound Plane From Amritsar Leaves 35 Fliers Behind
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..