ഭോപ്പാല്‍: സിമി പ്രവര്‍ത്തകര്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ ബാരക്കുകള്‍ തുറക്കാന്‍ ഉപയോഗിച്ചത് തടിയും ടൂത്ത് ബ്രഷുകളുമെന്ന് പോലീസ്. ജയില്‍ ചാടിയ എട്ട് സിമിക്കാരെയും തിങ്കളാഴ്ച പോലീസ് വെടിവച്ച് കൊന്നിരുന്നു. സംഭവത്തെക്കുറിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നതിനിടെ മധ്യപ്രദേശ് ഐ.ജി യോഗേഷ് ചൗധരി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ജയിലിലെ രണ്ട് ബാരക്കുകളിലായാണ് 29 സിമി പ്രവര്‍ത്തകരെ പാര്‍പ്പിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ ഖെജ്ര നള്ള എന്ന സ്ഥലത്തുവച്ച് പോലീസ് വളഞ്ഞു. ഇതോടെ അവര്‍ വെടിവെപ്പ് നടത്തിയെന്നാണ് പോലീസിന്റെ അവകാശവാദം. മൂന്ന് പോലീസുകാര്‍ക്ക് സിമി പ്രവര്‍ത്തകരുടെ വെടിവെപ്പില്‍ പരിക്കേറ്റു.

43 റൗണ്ട് വെടിവച്ച ശേഷമാണ് സിമി പ്രവര്‍ത്തകരെ വധിക്കാന്‍ കഴിഞ്ഞതെന്ന് പോലീസ് അവകാശപ്പെടുന്നു. മൂന്ന് നാടന്‍ തോക്കുകളും മൂര്‍ച്ചയുള്ള ആയുധങ്ങളും സിമി പ്രവര്‍ത്തകരില്‍നിന്ന് കണ്ടെത്തി. മൊബൈല്‍ ഫോണുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

സിമി പ്രവര്‍ത്തകര്‍ നിരായുധര്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തിയകാര്യം മാധ്യമ പ്രവര്‍ത്തകര്‍ ഐ.ജിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരാേഗമിക്കുകയാണെന്ന മറുപടിയാണ് ഐ.ജി നല്‍കിയത്. അന്വേഷണത്തിനിടെ കണ്ടെത്തുന്ന വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജയില്‍ വാര്‍ഡന്‍ രമാശങ്കര്‍ യാദവിനെ കഴുത്തറുത്ത് കൊന്നശേഷമാണ് എട്ട് സിമി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജയില്‍ചാടിയത്. കിടക്കവിരികള്‍ കൂട്ടിക്കെട്ടിയാണ് 25 അടി ഉയരമുള്ള ജയിലിന്റെ മതില്‍ അവര്‍ ചാടിക്കടന്നത്.