പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭൂപേന്ദ്ര പട്ടേൽ |ഫോട്ടോ:AP
അഹമ്മദാബാദ്: 2021 സെപ്റ്റംബറില്‍ വിജയ് രൂപാണിയെ മാറ്റി പകരം 60-കാരനായ ഭൂപേന്ദ്ര പട്ടേലിനെ ഗുജറാത്തിന്റെ മുഖ്യമന്ത്രിയാക്കിയ ഘട്ടത്തില്‍ ഒരു എംഎല്‍എ എന്നതിനപ്പുറം അധികമാര്‍ക്കും അദ്ദേഹത്തെ കുറിച്ച് അറിയില്ലായിരുന്നു. ഗുജറാത്തിന് പുറത്ത് മുമ്പ് ഈ പേര് തീരെ അപരിചിതം. മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ അടുത്ത അനുയായി എന്ന നിലയില്‍ മാത്രമായിരുന്നു ബിജെപിയിലുള്ളവര്ക്കുപോലും അദ്ദേഹത്തെ അറിയുന്നത്. 2016-ല്‍ പാട്ടീദാര്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് പുറത്തുപോകേണ്ടി വന്ന ആനന്ദിബെന്‍ പട്ടേല്‍ തന്റെ ശക്തികേന്ദ്രമാമായ ഘട്ലോഡിയയുടെ ചുമതല ഭൂപേന്ദ്ര പട്ടേലിന് നല്കി.
ഭരണവിരുദ്ധ വികാരം പൊട്ടിപുറപ്പെടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് ബിജെപി ഇത് മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രി കസേരയിലെത്തിച്ചത്. ഒരു വര്‍ഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അതിന്റെ ചരിത്രത്തിലെ തന്നെ ഉജ്ജ്വല വിജയം നേടികൊടുത്താണ് ഭൂപേന്ദ്ര പട്ടേല്‍ തന്റെ ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
മുഴുവന്‍ മന്ത്രിമാരെയും മാറ്റിനിര്‍ത്തുകയും തിരഞ്ഞെടുപ്പിന് മുമ്പായി വിരമിക്കാന്‍ ഒരു തലമുറയിലെ നേതാക്കളെ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ബിജെപി ഭരണവിരുദ്ധ വികാരങ്ങളെ ഇല്ലാതാക്കി വന്‍വിജയം നേടിയത്. ഭൂപേന്ദ്ര പട്ടേലിന് മുഖ്യമന്ത്രി കസേരയില്‍ ഒരു അവസരം കൂടി നല്കിയിരിക്കുകയാണിപ്പോള് പാര്‍ട്ടി.
സംസ്ഥാനത്ത് പാര്‍ട്ടി നേടിയ ചരിത്ര വിജയത്തിനൊപ്പം ഭൂപേന്ദ്ര പട്ടേല്‍ തന്റെ മണ്ഡലത്തില്‍ റെക്കോര്‍ഡ് വിജയവും കരസ്ഥമാക്കി. 1,92,263 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ഘട്ലോഡിയയില്‍ വിജയിച്ചത്. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ വിജയത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂപേന്ദ്ര പട്ടേലിന്റെ വിജയത്തെ പ്രത്യേകമായി പ്രംശസിക്കുകയുണ്ടായി.
'ഭൂപേന്ദ്ര നരേന്ദ്രയുടെ റെക്കോര്‍ഡ് തകര്‍ക്കും, അതിനായി നരേന്ദ്ര മോദി പൂര്‍ണ്ണ മനസ്സോടെ പ്രവര്‍ത്തിക്കുമെന്നും ഞാന്‍ പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു. ഇന്ന്, ഭൂപേന്ദ്ര ഭായ് പട്ടേല്‍ തന്റെ സീറ്റില്‍ രണ്ട് ലക്ഷത്തോളം വോട്ടുകള്‍ക്ക് വിജയിച്ചു. അത് അസാധാരണമാണ്, ഒരു നിയമസഭാ സീറ്റില്‍ രണ്ട് ലക്ഷം വോട്ടിന് വിജയിക്കുക എന്നത് ലോക്സഭാ സീറ്റുകളില്‍ പോലും പലര്‍ക്കും ലഭിക്കാത്തതാണ്' പ്രധാനമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
പട്ടേലിന്റെ വിനയത്തോടെയുള്ള പ്രവര്‍ത്തന ശൈലിയും എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാനുള്ള കഴിവും സംസ്ഥാനത്ത് ഭരണവിരുദ്ധത ഇല്ലാതാക്കാനായെന്നാണ് വിജയത്തില്‍ ബിജെപിയുടെ വിലയിരുത്തല്‍. ഒപ്പം പഴയ ആളുകളെ മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്കിയതും പാര്‍ട്ടിയുടെ സീറ്റ് വര്‍ധിപ്പിക്കാനിടയായതായി ബിജെപി വിലയിരുത്തുന്നു.
'വളരെ സിമ്പിള്‍ ആയിട്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി, അതേ സമയം തീരുമാനങ്ങളെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും അപാരമാണ്. ഏതാണ്ട് ഒരു വര്‍ഷം, അതിനുള്ളില്‍ പാര്‍ട്ടിയിലും സര്ക്കാരിലുമുണ്ടായിരുന്ന അനേകം പ്രശ്നങ്ങളാണ് അദ്ദേഹം പരിഹരിച്ചത്. പദ്ധതികള്‍ അടിത്തട്ടിലേക്ക് എത്തിക്കുക എന്നതാണ് ഭൂപേന്ദ്ര പട്ടേലിന്റെ ശൈലി' ബിജെപി നേതാവ് മുകേഷ് ദീക്ഷിത് പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ലഘൂകരിക്കാനായതും പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കാതെ നേതാക്കളെ ഒരുമിപ്പിക്കാനും ഭൂപേന്ദ്ര പട്ടേലിന് കഴിഞ്ഞത് തിരഞ്ഞെടുപ്പില്‍ വലിയ നേട്ടത്തിന് കാരണമായി.
പാര്‍ട്ടിയിലെ ഭിന്നത ഒഴിവാക്കുന്നതിനും അഭിപ്രായ വ്യത്യസങ്ങള്‍ ഒഴിവാക്കാനും കേന്ദ്ര നേതൃത്വം ഗുജറാത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സീറ്റ് വിഭജനങ്ങള്‍ക്ക് മുമ്പ് തന്നെ വിജയ് രൂപാണിയും നിതിന്‍ പട്ടേലുമടക്കമുള്ള മുതിര്‍ന്ന നേതാക്കളെ കൊണ്ട് തങ്ങള്‍ മത്സരത്തിനില്ലെന്ന് പ്രസ്താവനയിറക്കിപ്പിച്ചത്.
അതേ സമയം പാര്‍ട്ടിയുടെ ചരിത്ര വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ കേന്ദ്ര നേതൃത്വത്തിനാണ് ഭൂപേന്ദ്ര പട്ടേല്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും ബിജെപി നേതൃത്വത്തിലും ഗുജറാത്തിലെ ജനങ്ങള്‍ വീണ്ടും വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ്. ഗുജറാത്തിലെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരണമെന്നും പട്ടേല്‍ പറഞ്ഞു.
Content Highlights: Silent troubleshooter Bhupendra Patel helps his party buck anti-incumbency
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..