Representative Image | Photo: Canva.com
ഗുവാഹാത്തി: ജനസംഖ്യ വർധിപ്പിക്കാൻ സിക്കിമിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രണ്ടോ അതിൽ കൂടുതലോ കുട്ടികളെ പ്രസവിക്കുന്നവർക്ക് ശമ്പള വർധനവ് അടക്കമുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുക. സ്ത്രീകൾക്കും പുരുഷന്മാർക്കും സർക്കാർ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമംങ് ആണ് ജനസംഖ്യാ വർധനവിനായി ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
സർക്കാർ ഉദ്യോഗസ്ഥരായ വനിതകളുടെ രണ്ടാമത്തെ പ്രസവത്തിന് ശമ്പള വർധനവ് ഉണ്ടാകും. മൂന്നാമത് പ്രസവിക്കുമ്പോൾ അടുത്ത വർധനവ് ഉണ്ടാകും. ഇതുകൂടാതെ കുട്ടിയെ നോക്കാൻ ഒരാളെയും സർക്കാർ ഏർപ്പെടുത്തും. ഇവർക്ക് പതിനായിരത്തോളം രൂപ ശമ്പളമായി സർക്കാർതന്നെ നൽകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നുണ്ട്. ഇതുകൂടാതെ പ്രസവാവധിയായി വനിതകൾക്ക് 365 ദിവസം നൽകുമെന്ന് നേരത്തെ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. കൂടാതെ ഭർത്താവിന് ഒരു മാസം അവധിയും നൽകുമെന്നാണ് പ്രഖ്യാപനം.
40-ന് മുകളിൽ പ്രായമുള്ള സ്ത്രീകളെ സർക്കാർ റിക്രൂട്ട് ചെയ്ത് കുട്ടികളെ പരിപാലിക്കാനായി സർക്കാർ ഉദ്യോഗസ്ഥരായ വനിതകളുടെ വീടുകളിലേക്ക് നിയോഗിക്കുമെന്ന് സിക്കിം മുഖ്യമന്ത്രി പറഞ്ഞു. ഇവർക്ക് പതിനായിരം രൂപ മാസത്തിൽ നൽകുമെന്നും സർക്കാർ വ്യക്തമാക്കി.
ഏഴ് ലക്ഷത്തോളമാണ് നിലവിൽ സിക്കിമിലെ ജനസംഖ്യ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് സിക്കിമിലേത്. 2022-ൽ സർക്കാർ രേഖകൾപ്രകാരം സിക്കിമിലെ ടി.എഫ്.ആർ. (Total fertility rate) 1.1 ആണ്. കഴിഞ്ഞ നവംബറിൽ സ്ത്രീകൾക്ക് ഒരുവർഷം പ്രസവാവധിയും മറ്റാനൂകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ശമ്പള വർധനവ് കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: Sikkim To Reward Women For Having More Than One Child
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..